കോഴിക്കോട് മ്യൂറല്‍ പെയിന്റിങ്ങുകളും, വസ്ത്രങ്ങളും ആഭരണങ്ങളുമായി സംരംഭക പ്രദര്‍ശന മേളയ്ക്ക് തുടക്കം, 38 വനിതാ സംരംഭകരുടെ ഉത്പ്പന്നങ്ങളാണ് പൊലീസ് ക്ലബ്ബിലെ പ്രദർശനത്തിലുള്ളത്. എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഹ്രസ്വകാല പരിശീലനം പൂർത്തിയാക്കിയവരാണ് ഉൽപ്പന്നങ്ങളൊരുക്കിയത്. വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രദർശനം.പൂക്കളും മുഖചിത്രങ്ങളും ശ്രീകൃഷ്‌ണനും തോഴിമാരുമെല്ലാം ചിത്രങ്ങളിൽ നിറഞ്ഞു.
പാഴായ ജീൻസുപയോഗിച്ച് ബാഗുകൾ, പ്രിന്റഡ് സാരികൾ, തുന്നിയ കുഞ്ഞുടുപ്പുകൾ, ആഭരണങ്ങൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. നബാർഡ് സഹായത്തിൽ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന മേളയുടെ ഭാഗമായി വനിതാ സംരംഭകർ–അവസരങ്ങളും വെല്ലുവിളികളും വിഷയത്തിൽ സെമിനാറും നടന്നു.മേള കോർപറേഷൻ നഗരാസൂത്രണ സമിതി അധ്യക്ഷ കൃഷ്‌ണകുമാരി ഉദ്‌ഘാടനം ചെയ്‌തു. നബാർഡ് ജില്ലാ വികസന മാനേജർ വി രാകേഷ് അധ്യക്ഷനായി.ലീഡ് ബാങ്ക് മാനേജർ എസ് ജ്യോതിസ്, പി വി എൽദോ, ഐഷ അഥിന, അസ്‌മ, ജി പ്രീത എന്നിവർ സംസാരിച്ചു. സിന്ധു പൂർണിമ സ്വാഗതവും കെ ഷൈനി നന്ദിയും പറഞ്ഞു. പ്രദർശനം ഇന്ന് സമാപിക്കും

