ഹിജാബ് ധരിക്കാതെ സ്ത്രീകളെ മാരത്തൺ മത്സരത്തിൽ പങ്കെടുപ്പിച്ചതിൻ്റെ പേരിൽ സംഘാടകർക്കെതിരെ ഇറാൻ ജുഡീഷ്യറി കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച കിഷ് ദ്വീപിൽ നടന്ന മത്സരത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഏകദേശം 2000 സ്ത്രീകളും 3000ൽ അധികം പുരുഷന്മാരും പങ്കെടുത്ത ഈ മാരത്തണിൽ ചില സ്ത്രീകൾ ഹിജാബോ തല മറയ്ക്കുന്ന വസ്ത്രങ്ങളോ ധരിച്ചിരുന്നില്ല. ഇത് പൊതുനിയമങ്ങളുടെയും സദാചാരത്തിൻ്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകർക്കെതിരെ പ്രോസിക്യൂട്ടർ കേസെടുത്തത്. അതേസമയം, രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്ന നിരവധി സ്ത്രീകൾ ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 2022ൽ ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന കുർദ് ഇറാനിയൻ യുവതി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മാരത്തണിൽ പങ്കെടുപ്പിച്ചു; സംഘാടകർക്കെതിരെ കേസെടുത്ത് ഇറാൻ ജുഡീഷ്യറി

