Site icon Janayugom Online

മണിപ്പൂരിൽ അമിത് ഷായ്‌ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം

മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പതിനായിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധം. കലാപം രൂക്ഷമായി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനത്തെ കാങ്‌പോപ്പി ജില്ലയിലാണ് കുക്കി-സോ സമുദായത്തിൽ നിന്നുള്ള സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തിയത്. പാർലമെന്റിൽ അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.
ട്രൈബൽ യൂണിറ്റി സദർ ഹിൽസ് എന്ന സംഘടനയുടെ വനിതാ വിഭാഗമാണ് അമിത് ഷായ്‌ക്കെതിരെ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. അമിത് ഷാ തന്റെ തെറ്റ് അംഗീകരിക്കണം എന്നതുള്‍പ്പെടെ നിരവധി പ്ലക്കാർഡുകളും പ്രതിഷേധത്തിലുയര്‍ന്നു, കുക്കി-സോ ജനങ്ങൾ അനധികൃത നുഴഞ്ഞുകയറ്റക്കാരല്ല, ഇന്ത്യൻ പൗരന്മാരാണെന്ന് ഊന്നിപ്പറയുന്ന പ്ലക്കാർഡുകളും പ്രതിഷേധത്തില്‍ നിറഞ്ഞു. മ്യാൻമറിൽ നിന്നുള്ള കുക്കി അഭയാർഥികളുടെ പ്രവാഹമാണ് മണിപ്പൂരിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നു.
അതേസമയം മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടലില്‍ അഭിമുഖം നല്‍കിയ വിഷയത്തില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യുണിവേഴ്സിറ്റി പ്രൊഫസര്‍ കാംഖന്‍ സുന്‍ ഹൗഷിങിനെതിരെ മണിപ്പൂര്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പാര്‍ഡിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Eng­lish summary;Women protest against Amit Shah in Manipur

you may also like this video;

Exit mobile version