തങ്ങൾക്കനഭിമതരായ വിഭാഗങ്ങളെ നിർമ്മാർജനം ചെയ്യുന്നതിനും അപരവല്‍ക്കരിക്കുന്നതിനുമായി പ്രസ്തുത സമൂഹത്തിലെ സ്ത്രീകളെ ലെെംഗികമായി ആക്രമിക്കുകയെന്ന, ഫാസിസം സൃഷ്ടിച്ചെടുത്ത മനുഷ്യത്വവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ ഉത്തമോദാഹരണമായിരുന്നു 1930കളിൽ ജർമ്മൻ തെരുവുകളിലൂടെ ജൂത പെൺകുട്ടികളെ നഗ്നരാക്കി നടത്തിച്ചുകൊണ്ടുള്ള നാസികളുടെ അഴിഞ്ഞാട്ടം. ഗുജറാത്ത് കലാപവേളയിൽ പൂർണഗർഭിണിയുടെ വയറുപിളർന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത് ത്രിശൂലത്തിൽ തറച്ചുകൊന്ന ചരിത്രത്തിൽ തുല്യതയില്ലാത്ത നരാധമത്വം ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കുന്ന സ്വേച്ഛാധിപത്യം മാത്രമായിരുന്നില്ല സെമറ്റിക് മതങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന ഗോൾവാൾക്കറിസത്തിന്റെ ക്രൂരമായ പ്രയോഗവൽക്കരണവുമായിരുന്നു.
ഭൂരിപക്ഷസ്വത്വത്തിന്റെ ആധിപത്യം അടിച്ചേല്പിക്കാനുള്ള സംഘ്പരിവാർ അജണ്ട മണിപ്പൂരിനെ കലാപ ഭൂമിയാക്കിയപ്പോൾ കാങ് പോക്പിയില്‍ കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കുനേരെ നടന്ന ലൈംഗികാതിക്രമങ്ങളാകട്ടെ സർക്കാർ സംവിധാനങ്ങളെപ്പോലും നിഷ്ക്രിയമാക്കിക്കൊണ്ടുള്ള മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത കൊടുംപാതകങ്ങളും. കർണാടകയിലെ ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ എൻഡിഎയുടെയും കൂട്ടാളികളുടെയും സ്ത്രീവിരുദ്ധ സമീപനത്തിന്റ പ്രത്യക്ഷ ഉദാഹരണമാണെന്ന് കാണാൻ കഴിയും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി കർണാടകയിലെത്തി പ്രചരണം നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ് പ്രജ്വലിന്റെ ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നത്. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോകള്‍ ഹാസനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പീഡനത്തിനിരയായ ഒരു സ്ത്രീ വനിതാ കമ്മിഷന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രജ്വലിനെതിരെ അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയും പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെയാണ് അതിജീവിത പരാതി നൽകിയത്. തുടർന്ന് പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇയാള്‍ ഉൾപ്പെട്ട രണ്ടായിരത്തിലധികം അശ്ലീല വീഡിയോ ക്ലിപ്പുകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദേശീയതലത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 81 ശതമാനം വർധിച്ചത് മോഡി സർക്കാരിന്റെ 10 വർഷക്കാലമെന്നത് കടുത്ത സ്ത്രീവിരുദ്ധതയുടെയും സ്ത്രീവേട്ടയുടെയും ഞെട്ടിക്കുന്ന സത്യത്തിലേക്ക് വിരൽചൂണ്ടുന്നു. 2023 മേയ് ഏഴിന് എന്‍സിആര്‍ബി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്ത കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളില്‍ ഗുജറാത്തിൽ മാത്രം 40,000 സ്ത്രീകളെ കാണാതായിട്ടുണ്ടെന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകളുടെ തിരോധാനം നടക്കുന്ന സംസ്ഥാനവും ഗുജറാത്താണ്. 2022ൽ രജിസ്റ്റർ ചെയ്ത സ്ത്രീകൾക്കെതിരായ ആക്രമണ കേസുകളുടെ എണ്ണം 4.45 ലക്ഷമാണ്. രാജ്യത്ത് മണിക്കൂറിൽ ശരാശരി 51 എഫ്ഐആറെങ്കിലും രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഇതുകൂടി വായിക്കൂ: 400 സീറ്റുപേക്ഷിച്ച് വിഷം ചീറ്റുന്ന നരേന്ദ്ര മോഡി
2017 ജൂണിൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17 വയസുള്ള പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായ വിഷയത്തിൽ സ്ഥലം എംഎൽഎയും ബിജെപി നേതാവുമായ കുൽദീപ് സിങ് സെംഗറിന്റെ പങ്ക് സംശയരഹിതമായി തെളിയിക്കപ്പെട്ടിരുന്നു. ജോലിയന്വേഷിച്ച് വീട്ടിലെത്തിയ പെൺകുട്ടിയെ എംഎൽഎ മാനഭംഗം ചെയ്യുകയും തുടർന്ന് പെൺകുട്ടിയുടെ പിതാവിനെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യിക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ പിതാവ് മരിക്കുകയും ചെയ്യുകയായിരുന്നു. 2020 സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ തന്നെ ഹത്രാസിൽ 19 വയസുള്ള ദളിത് പെൺകുട്ടി കൂട്ടമാന ഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളുടെ സമ്മതമില്ലാതെ അവരെ വീട്ടുതടങ്കലിലാക്കി ശവസംസ്കാരം നടത്തുകയും ഹത്രാസിലേക്കുള്ള റോഡുകള്‍ തടയുകയും വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ തുറുങ്കിലടച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് പ്രതികളോടുള്ള വിധേയത്വം പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയായിരുന്നു പൊലീസ്. 2018 ജനുവരിയിൽ ജമ്മു കശ്മീരിലെ കത്വയിൽ ആസിഫ ബാനുവെന്ന എട്ട് വയസുകാരി നാടോടി ബാലികയുടെ ദാരുണ മരണത്തിലും കുറ്റവാളികളുടെ പക്ഷം ചേർന്നുകൊണ്ടുള്ള ഭരണകൂട ഭീകരത മറയില്ലാതെ പുറത്തുവന്നിരുന്നു.
നാഷണൽ ക്രൈം റെക്കാേഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളുടെ നിരക്കിൽ പ്രഥമ സ്ഥാനത്ത് രാജ്യ തലസ്ഥാനം തന്നെയാണ്. ഡൽഹി കഴിഞ്ഞാൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുന്നിൽ ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശാണ്. 65,743 കേസുകളാണ് സ്ത്രീകൾക്കുനേരെയുള്ള അക്രമണവുമായി ബന്ധപ്പെട്ട് 2022ൽ ഉത്തർപ്രദേശിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്. 2021ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട 4.05 ലക്ഷം കേസുകളിൽ 32,033 എണ്ണവും ബലാത്സംഗ കേസുകളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതുകൂടി വായിക്കൂ: കോവിഡ് വാക്സിന്റെ പേരില്‍ നടന്ന മരണവ്യാപാരം തുറന്നുകാട്ടപ്പെടുന്നു
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയും പത്മശ്രീയുമടക്കം നേടിയ രാജ്യാന്തര കായിക താരങ്ങൾ ലൈംഗികാതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട പാർലമെന്റ് അംഗവും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡണ്ടുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ ഭരണകൂടം കാണിച്ച നിഷ്ക്രിയാവസ്ഥക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് തലസ്ഥാന നഗരിയിൽ സമാനതകളില്ലാത്ത സമരം നയിച്ചത് മറക്കാറായിട്ടില്ല. പ്രായപൂർത്തിയാകാത്ത വ്യക്തി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ബ്രിജ്ഭൂഷണെതിരെ ഡൽഹി പൊലീസിൽ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന താരങ്ങളുടെ പരാതി സുപ്രീം കോടതിയിൽ എത്തിയതോടെ മുഖം രക്ഷിക്കുന്നതിനുവേണ്ടി ഡൽഹി സർക്കാർ കേസെടുത്തെങ്കിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയില്ല. നടപടികൾ വൈകിപ്പിച്ച് വിഷയം നിസാരവല്‍ക്കരിക്കാനും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉത്തർപ്രദേശിലെ ഉന്നതനായ നേതാവിനെ സംരക്ഷിക്കാനുമാണ് ശ്രമിച്ചത്.
ആരോപണ വിധേയനായ ബ്രിജ്ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഒളിമ്പിക്സ് മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മാലിക് കായിക രംഗം വിടുന്നതായി പ്രഖ്യാപിച്ചു. 2016 റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബ്രിജ്ഭൂഷൺ സിങ്ങിന്റെ ബിസിനസ് പങ്കാളി ഫെഡറേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ബ്രിജ്ഭൂഷണെതിരായ സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടും ഗുസ്തിതാരം ബജ്റംഗ് പുനിയയും നീതി നിഷേധത്തിനും ഭരണകൂടത്തിന്റെ വാഗ്ദാന ലംഘനങ്ങൾക്കുമെതിരെ അതിരൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്. പ്രതിഷേധം വ്യാപകമായതിനെത്തുടർന്ന് ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് ജനരോഷത്തെ മയപ്പെടുത്താൻ നിർബന്ധിതരാവുകയായിരുന്നു കേന്ദ്ര സർക്കാർ.
ഇതുകൂടി വായിക്കൂ: സൂറത്ത് വിവാദം ബിജെപിയെ വേട്ടയാടുന്നു
2002 ഗുജറാത്തിൽ നടന്ന വർഗീയ കലാപത്തിന്റെ വേളയിൽ ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കിടന്ന 11 കുറ്റവാളികളെ ശിക്ഷാ ഇളവ് നൽകി വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ റദ്ദ് ചെയ്ത സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയും നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും ആർഎസ്എസിന്റെയും പൊയ്‌മുഖത്തെയാണ് തുറന്നുകാട്ടിയത്.
‘നാരീശക്തി‘യെ സംബന്ധിച്ചുള്ള ‘മോഡിയുടെ ഗ്യാരന്റി’ കേവലം പ്രഹസനം മാത്രമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് രാജ്യം. ഒരു ഭാഗത്ത് ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പോലുള്ള മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കുകയും മറുഭാഗത്ത് ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകൾ മറച്ചുവയ്ക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. ഗുജറാത്തിലും ഹത്രാസിലും മണിപ്പൂരിലുമടക്കം വംശീയ ഉന്മൂലനത്തിന് മാനഭംഗം പ്രഖ്യാപിത നയമായി സ്വീകരിച്ച ചരിത്രമുള്ളവരിൽ നിന്ന് എന്ത് നീതിയാണ് രാജ്യത്തെ സ്ത്രീകൾ പ്രതീക്ഷിക്കേണ്ടത്?