21 May 2024, Tuesday

സൂറത്ത് വിവാദം ബിജെപിയെ വേട്ടയാടുന്നു

ഡോ. ഗ്യാൻ പഥക് 
May 1, 2024 4:30 am

പ്രിൽ 22 ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായിരുന്നു. അന്ന് ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലിനെ എതിരില്ലാതെ വിജയിയായി പ്രഖ്യാപിച്ചു. അതിനിടയാക്കിയ സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തിൽത്തന്നെ വലിയ വിവാദത്തിന് കാരണമായി. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദേശം തള്ളിയപ്പോള്‍, ബിഎസ്‌പിയിലെ പ്യാരേലാൽ ഭാരതിയോടൊപ്പം മറ്റ് എട്ട് സ്ഥാനാർത്ഥികള്‍ പത്രിക പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്സലയുടെ പത്രികയും നിരസിക്കപ്പെട്ടു. ഇതോടെ സീറ്റിൽ മത്സരം ഇല്ലാതായി. ഗുജറാത്തിലെ ബാക്കി 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മേയ് ഏഴിന് മൂന്നാം ഘട്ടത്തില്‍ നടക്കുക.
സൂറത്തിൽ ബിജെപി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ബിജെപിയുടെ എതിരില്ലാത്ത വിജയം ഏകാധിപതിയുടെ യഥാർത്ഥ മുഖം തുറന്നുകാട്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാൻ പ്രതിപക്ഷ സ്ഥാനാർത്ഥികളില്‍ അനാവശ്യ സമ്മർദം ചെലുത്തിയതായും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രികയില്‍ നിർദേശകരുടെ ഒപ്പ് നിരസിച്ചതായുമാണ് റിപ്പോർട്ടുകള്‍. രാഷ്ട്രീയ മത്സരം ഇല്ലാതാക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഗുരുതരമായ അവസ്ഥയാണ് ഗുജറാത്ത് വെളിപ്പെടുത്തുന്നത്. 


ഇതുകൂടി വായിക്കൂ; തമിഴകം കാത്തിരിക്കുന്നത് ഇന്ത്യ സഖ്യത്തിന്റെ സമ്പൂര്‍ണ മുന്നേറ്റം


സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിത്തുടങ്ങിയിട്ടുണ്ട്. സൂറത്ത് ഒരു പ്രധാനവിഷയമായും മാറിയിരിക്കുന്നു. ബിജെപിയെ തോല്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നതും അഞ്ച് തലങ്ങളിലെ നീതിയുമാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന മുദ്രാവാക്യം. ഹിന്ദുക്കളുടെ സ്വത്ത് തട്ടിയെടുത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതല്‍ കുട്ടികളുള്ളവർക്കും കൊടുക്കാൻ പദ്ധതിയിടുകയാണ് കോണ്‍ഗ്രസ് എന്ന് മുസ്ലിങ്ങളെ പരാമർശിക്കുന്ന പ്രധാനമന്ത്രി മോഡിയുടെ വിദ്വേഷ പ്രചരണമാണ് ബിജെപി പ്രധാനമായും ആശ്രയിക്കുന്നത്. 2002ലെ വർഗീയ കലാപത്തിന് ശേഷം ഗുജറാത്ത് വർഗീയസംവേദക സംസ്ഥാനമാണ് എന്നത് ശ്രദ്ധേയമാണ്.
വോട്ട് വിഹിതം കുറഞ്ഞുവെങ്കിലും സംസ്ഥാനത്തെ പ്രബലമായ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി എന്നത് നിഷേധിക്കാനാവില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവര്‍ സംസ്ഥാനത്തെ 26 മണ്ഡലങ്ങളിലും വിജയിക്കുകയും 62.21 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. 2022 ഡിസംബറിലെ വിധാൻസഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം 52.50 ശതമാനമായി കുറഞ്ഞു. ഇവിടെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. ആം ആദ്മി പാർട്ടിയുടെ (എഎപി) മുന്നേറ്റത്തിനും വിധാൻസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരുന്നു. 13 ശതമാനം വോട്ടുകൾ നേടാൻ പാർട്ടിക്ക് കഴിഞ്ഞു. 2019ലെ ദേശീയ തെരഞ്ഞെടുപ്പിൽ 32.11 ശതമാനം വോട്ട് നേടിയ കോൺഗ്രസുമായി ആ പാര്‍ട്ടി സഖ്യത്തിലുമാണ്. ധാരണ പ്രകാരം കോൺഗ്രസ് 24 സീറ്റുകളിലും എഎപി രണ്ട് സീറ്റുകളിലും മത്സരിക്കുന്നു. സൂറത്തിലെ പത്രിക തള്ളിയതിനാൽ 23 സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുള്ളത്.
അമിത് ഷായുടെ നേതൃത്വത്തിലാണ് നരേന്ദ്ര മോഡിയെ പാർട്ടിയുടെ മുഖമാക്കി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും പാർട്ടിയുടെ ഭരണമാണ്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായതിനാൽ പാർട്ടിക്ക് പ്രതിപക്ഷത്തെക്കാൾ ചില നേട്ടങ്ങളുണ്ടാകുമെങ്കിലും, 2022ലെ വിധാൻസഭാ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധത വോട്ടുവിഹിതത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. മോഡിയുടെ പാർട്ടിയിലെ ആധിപത്യം പ്രാദേശിക നേതൃത്വത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ശക്തമായ പ്രാദേശിക നേതൃത്വത്തിന്റെ അഭാവം, കോൺഗ്രസിന്റെയും എഎപിയുടെയും ആക്രമണാത്മക പ്രചരണങ്ങൾക്കെതിരെ നില്‍ക്കാന്‍ ത്രാണിയില്ലാതാക്കുന്നു. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ മോഡി സർക്കാർ ഒരു മാസത്തിലേറെയായി ജയിലിലടച്ചിരിക്കുകയാണ്. വിദ്യാഭ്യാസ‑ആരോഗ്യ വിഷയങ്ങളില്‍ എഎപിയോട് ചായ്‌വുള്ള പൊതുവോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് സാധിക്കുന്നതും സംഘ്പരിവാറിന് വലിയ ആശങ്കയുണ്ടാക്കുന്നു.

ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമാകണം


ശക്തിസിങ് ഗോഹിലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനും ഇസുദൻ ഗധ്‌വിയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിക്കും സംസ്ഥാനത്ത് അടിത്തറ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണുള്ളത്. ഏതുവിധേനയെങ്കിലും തങ്ങളുടെ അണികളെ ഒരുമിച്ച് നിർത്താനായാല്‍ നിരവധി മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാർത്ഥികൾക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താൻ കഴിയും. പക്ഷേ ബിജെപിയെ ഫലപ്രദമായി നേരിടാൻ ബൂത്ത്തലം മുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബിഎസ്‌പിയും എസ്‌പിയുമാണ് മത്സരിക്കുന്ന മറ്റ് പ്രധാന പാർട്ടികൾ. ബിഎസ്‌പി 24 സീറ്റിലും എസ്‌പി ഒരു സീറ്റിലും മത്സരിക്കുന്നു. അവർക്ക് കാര്യമായ ബിജെപി വിരുദ്ധ വോട്ടുകൾ നേടാൻ കഴിയുമെന്ന് തോന്നുന്നില്ല.
2022ൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും വിജയിച്ചതിനാൽ പഠാൻ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് മികച്ച ആത്മവിശ്വാസത്തിലാണ്. ബറൂച്ചിൽ എഎപി ബിജെപിക്ക് കടുത്ത മത്സരമായിരിക്കും നല്‍കുക. ഭാവ്നഗറിലും പാർട്ടി ശക്തമായ പ്രചരണത്തിലാണ്. തെരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോൾ, ബനസ്കന്ത, മഹേശന, സബർകാന്ത, അഹമ്മദാബാദ്, പോർബന്തർ, ജാംനഗർ, ജുനഗർ, അമ്രേലി, ആനന്ദ്, പഞ്ച്മഹൽ, വഡോദര, വൽസാദ് എന്നിവിടങ്ങളിൽ കോണ്‍ഗ്രസ് കടുത്ത മത്സരത്തിനൊരുങ്ങുകയാണ്. 

 


ഇതുകൂടി വായിക്കൂ: ഇവിഎം സുതാര്യത ഉറപ്പുവരുത്തണം


സംസ്ഥാനത്ത് എല്ലാ സീറ്റുകളും നേടാനാണ് ബിജെപി ശ്രമിക്കുന്നതെങ്കിലും, വോട്ട് വിഹിതത്തിലെ ഇടിവ്, ആം ആദ്മി പാർട്ടിയുടെ ഉയർച്ച, ഉയിർത്തെഴുന്നേൽക്കുന്ന കോൺഗ്രസ് എന്നീ ഘടകങ്ങള്‍ അവര്‍ക്ക് ഇത്തവണ ശക്തമായ പോരാട്ടമായിരിക്കും നല്‍കുക. തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കത്തിലുള്ള ജനങ്ങളുടെ അതൃപ്തിയും ബിജെപിക്ക് മറ്റൊരു തലവേദനയാണ്. അതും ഇന്ത്യ സഖ്യം ഉപയോഗപ്പെടുത്തും. എന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായതിനാൽ ഒരു സീറ്റ് പോലും നഷ്ടപ്പെടാൻ ബിജെപി ആഗ്രഹിക്കില്ല.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.