Site iconSite icon Janayugom Online

വനിതകളുടെ പ്രാതിനിധ്യം എല്ലായിടങ്ങളിലും ഉണ്ടാകണം ; രാഹുൽ ഗാന്ധി

സ്ത്രീകൾ പലയിടത്തും വിവേചനം നേരിടുന്നുവെന്നും എല്ലായിടങ്ങളിലും വനിതകളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നും രാഹുൽ ഗാന്ധി. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഉത്സാഹ് കൺവെൻഷനിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രയത്നം ഉണ്ടാകണം. അടുത്ത പത്തു വർഷം കൊണ്ട് രാജ്യത്ത് 50 വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകണം.

നിർഭാഗ്യവശാൽ ഇപ്പോൾ ഒരാൾ പോലും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിതാ പ്രധാനമന്ത്രിയെ രാജ്യത്തിന് സംഭാവന ചെയ്തത് കോൺഗ്രസ് പാർട്ടി ആണ്. ആർഎസ്എസ് ഒരുകാലത്തും സ്ത്രീകളെ മുൻ നിരയിലേക്ക് കൊണ്ടുവന്നിട്ടില്ല. എക്കാലത്തും പുരുഷകേന്ദ്രീകൃതമായാണ് ആർഎസ്എസ് പ്രവർത്തിച്ചിട്ടുള്ളത്. സ്ത്രീകൾ എന്ത് ധരിക്കണം എന്നും എവിടെ ജോലി ചെയ്യണം എന്നും അവരാണ് തീരുമാനിക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വനിതാ സംവരണ ബിൽ പാസാക്കി 10 വർഷത്തിന് ശേഷം നടപ്പാക്കാം എന്ന് പറയുന്നു. പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി കേൾക്കുന്ന സംഭവമാണിത്. സ്ത്രീകളെ അധികാര കേന്ദ്രങ്ങളിൽ എത്തിക്കണം എന്നത് കോൺഗ്രസ് നയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്തുകൊണ്ട് കോൺഗ്രസ് എന്ന് പലരും ചോദിക്കുന്നു, വെറുപ്പിന്റെ കമ്പോളത്തിൽ കോൺഗ്രസ് സ്നേഹത്തിന്റെ കടതുറക്കുമെന്നതാണ് മറുപടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Eng­lish Sum­ma­ry: Women should be rep­re­sent­ed every­where; Rahul Gandhi
You may also like this video

Exit mobile version