നീതി ആയോഗിന്റെ ഇത്തവണത്തെ വുമൺ ട്രാൻസ്ഫോമിങ്ങ് ഇന്ത്യ ബഹുമതി അമൃതാനന്ദമയി മഠം അന്തേവാസി അഞ്ജു ബിസ്റ്റിന്. ‘ദി പാഡ് വുമൺ ഓഫ് ഇന്ത്യ’ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. പുനരുപയോഗിക്കാനാകുന്ന ആർത്തവകാല പാഡുകൾ ലോകത്താദ്യമായി വാഴനാര് ഉപയോഗപ്പെടുത്തി നിർമ്മിച്ചത് അഞ്ജുവും സംഘവുമാണ്. ജന്മംകൊണ്ട് പഞ്ചാബിയാണെങ്കിലും കഴിഞ്ഞ ഇരുപത് വർഷമായി കൊല്ലത്തെ അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ടാണ് അഞ്ജുവിന്റെ പ്രവർത്തനം.
വാഴപ്പോള സംസ്കരിച്ച് നാരെടുത്ത് ഗുണനിലവാരമുള്ള പാഡുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന ദൗത്യം കാര്യക്ഷമമായി ചെയ്യുന്നതിലൂടെ സമൂഹത്തിന് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. കാലങ്ങളായി പ്രചാരത്തിലുള്ള ഡിസ്പോസിബിൾ പാഡുകൾ ഒട്ടുംതന്നെ പ്രകൃതി സൗഹൃദമല്ല. അവയ്ക്കുള്ള ബദലായിട്ടാണ് ‘സൗഖ്യം’ എന്ന പേരില്‍ അഞ്ജു തന്റെ ഉല്പന്നം അവതരിപ്പിച്ചത്. അവർ വിപണിയിലെത്തിച്ച അഞ്ചുലക്ഷത്തോളം പാഡുകളിലൂടെ വളരെ വലിയൊരളവ് മലിനീകരണവും അജൈവമാലിന്യ നിക്ഷേപവും ഒഴിവാക്കാൻ സാധിച്ചതായി നിധി ആയോഗ് വിലയിരുത്തി. പാഡ് നിർമ്മാണ യൂണിറ്റുകൾ ഗ്രാമീണ വനിതകൾക്ക് തൊഴിലവസരങ്ങളും നൽകുന്നുണ്ട്.