കാക്കനാട് യുനൈറ്റഡ് സ്പോർട്സ് സെന്റർ ഗ്രൗണ്ടിൽ നടക്കുന്ന ഐബിഎസ്എ വനിതാ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് ആറിന് ആണ് മത്സരം. ഇന്നലെ നടന്ന ആദ്യ സെമിയിൽ ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. ആദ്യമായാണ് ഇംഗ്ലണ്ട് വനിതകളുടെ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്നത്.
ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം സെമി ഫൈനലിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഇന്ത്യ തുർക്കിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി ഷെഫാലി റാവത് ആണ് വിജയ ഗോൾ നേടിയത്. ഏഴാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ പോളണ്ട് കാനഡയെ പരാജയപ്പെടുത്തി. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പോളണ്ടിന്റെ വിജയം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ന് വൈകിട്ട് 3.30ന് ബ്രസീലും ജപ്പാനും തമ്മിൽ എറ്റുമുട്ടും.

