Site iconSite icon Janayugom Online

പോരാട്ടത്തിന് പെണ്‍പട; അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ന് കിക്കോഫ്

footballfootball

ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തത്തിന് ഇന്ന് ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഫിഫയുടെ 17 വയസില്‍ താഴെയുള്ളവര്‍ക്കുള്ള വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ കുട്ടികള്‍ രാത്രി എട്ടിന് കരുത്തരായ അമേരിക്കയുമായി ഏറ്റുമുട്ടുമ്പോള്‍ പിറവിയെടുക്കുന്നത് രാജ്യത്തെ ഫുട്ബോള്‍ ചരിത്രത്തിലെ പുത്തന്‍ അധ്യായം.
ലോക ഫുട്ബോളില്‍ വനിതാ ഫുട്ബോള്‍ ആകര്‍ഷക ഇനമാണെങ്കിലും ഇന്ത്യയില്‍ കളിക്ക് പ്രചാരം കുറവാണ്. പുരുഷന്‍മാരുടെ ഗെയിം എന്ന ധാരണയില്‍ നിന്നും ഫുട്ബോള്‍ വനിതകളുടെയും കൂടിയാണെന്നതിന്റെ ഉദ്ഘോഷണമാകും കലിംഗയില്‍ മുഴങ്ങുക.
ലിംഗ സമത്വത്തിലേക്കുള്ള മുന്നേറ്റത്തില്‍ പുത്തന്‍ ചുവടുവയ്പ്പായാണ് ഈ ടൂര്‍ണമെന്റിനെ രാജ്യം കാണുന്നത്. യു 17 ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യയില്‍ വനിതാ ഫുട്ബോളിന് പ്രചുരപ്രചാരം നേടികൊടുക്കുകയും അതുവഴി കൂടുതല്‍ കുട്ടികള്‍ ഫുട്ബോളിലേക്ക് കടന്നുവരികയും ചെയ്യുമെന്നാണ് കണക്കുകൂട്ടലുകള്‍. 20­20­ല്‍ നടക്കേണ്ട ടൂര്‍ണമെന്റ് കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം നീളുകയായിരുന്നു.
ഒടുവില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെ‍ഡറേഷനെ ഫിഫ വിലക്കിയപ്പോള്‍ വനിതാ ലോകകപ്പ് അനിശ്ചിതത്വത്തിലായെങ്കിലും പിന്നീട് തടസങ്ങള്‍ നീങ്ങി കാര്യങ്ങള്‍ സുഗമമാകുകയായിരുന്നു. ഭുവനേശ്വറിലെ കലിംഗ, മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, നവി മുബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഇന്നുമുതല്‍ ഈ മാസം 30 വരെ ടൂര്‍ണമെന്റ് നടക്കുന്നത്.
ആകെ 32 മത്സരങ്ങള്‍, ഫൈനല്‍ മഡ്ഗാവില്‍. ശക്തരായ അമേരിക്ക, ബ്രസീല്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആതിഥേയ രാഷ്ട്രം എന്ന നിലയിലാണ് ഇന്ത്യയെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മൊറോക്കോയാണ് നാലാമത്തെ ടീം. സ്വീഡിഷ് ഹെഡ് കോച്ച് തോമസ് ഡെന്നെര്‍ബിയുടെ കീഴില്‍ മികച്ച പരിശീലനം പൂര്‍ത്തിയാക്കിയാണ് ടീം ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. ഗ്രൂപ്പിലെ എതിരാളികള്‍ കരുത്തരാണെങ്കിലും ഇന്ത്യ മികച്ച പോരാട്ടം നടത്തുമെന്ന് ഡെന്നെര്‍ബി പറഞ്ഞു.
നിരവധി സന്നാഹ മത്സരങ്ങള്‍ നമ്മുടെ കുട്ടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മത്സര ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് കോച്ച് വ്യക്തമാക്കി. ഈ മാസം 14ന് മൊറോക്കോയുമായും, 17ന് ബ്രസീലുമായും ഇന്ത്യ കളിക്കും. നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ നാളെ കൊളംബിയയുമായി ഏറ്റുമുട്ടും. 

ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

കടുകട്ടി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യക്ക് ആദ്യ മത്സരം തന്നെ വെല്ലുവിളിയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകളില്‍ ഏറ്റവും കരുത്തരായ അമേരിക്കയാണ് എതിരാളികള്‍.2008ല്‍ രണ്ടാം സ്ഥാനം നേടിയതൊഴിച്ചാല്‍ അണ്ടര്‍ യു 17 ലോകകപ്പില്‍ കാര്യമായ മുന്നേറ്റം നടത്താനായിലെങ്കിലും ശാക്തിക ബലാബലത്തില്‍ ഇന്ത്യയേക്കാള്‍ വളരെ മുമ്പിലാണ് അമേരിക്ക.
യോഗ്യതാ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചാണ് ടീമിന്റെ വരവ്. അമാലിയ വില്ലാറലും- റിലേ ജാക്സന്‍ കൂട്ടുകെട്ട് ഗോളിടി യന്ത്രങ്ങളാണ്. യോഗ്യതാ മത്സരങ്ങളില്‍ ഈ സഖ്യം തകര്‍ത്താടുക തന്നെ ചെയ്തു. സാഫ് അണ്ടര്‍ 18 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം കിരീടം നേടിയതും, സ്പെയിനില്‍ ഉള്‍പ്പെടെ 250 പരിശീലന സെഷനുകള്‍ പൂര്‍ത്തിയാക്കിയതും ടീമിന് ആത്മവിശ്വാസം നല്‍കുന്നു.
എതിരാളികള്‍ അതിശക്തരാണെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലാണ് ഇന്ത്യ മോഹിക്കുന്നത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ലിന്റാ കോം സര്‍ട്ടോ ഇന്ത്യയുടെ പ്രതീക്ഷ. 4–2‑3–1 എന്ന ഫോര്‍മേഷനാണ് സാധ്യത. ലിന്റോ തന്നെയായിരിക്കും കുന്തമുന. ഡിഫന്‍ഡര്‍ ഷില്‍ക്കി ദേവി ഹെമാം ഗോള്‍ കീപ്പര്‍ മോണാലിഷ ദേവിയും ഇന്ത്യയുടെ കരുത്താണ്. 

Eng­lish Sum­ma­ry: Wom­en’s cloth­ing for fight­ing; U‑17 Wom­en’s World Cup kicks off today

You may like this video also

Exit mobile version