സംസ്ഥാനത്തെ ഹരിത കര്‍മ്മ സേനയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗവേഷണ പഠന വിഷയമാക്കാന്‍ കേരള വനിതാ കമ്മിഷന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷംനടത്തുന്ന ഗവേഷണങ്ങളില്‍ മുഖ്യവിഷയങ്ങളില്‍ ഒന്ന് ഇതാവും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതിദേവിയാണ് ഇക്കാര്യം അറിയിച്ചത്. ഹരിത കര്‍മ്മ സേനയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അധ്യക്ഷ.തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന പബ്ലിക് ഹിയറിങ്ങില്‍ 200 ഓളം സ്ത്രീ തൊഴിലാളികളാണ് പങ്കെടുത്തത്.
വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫിസര്‍ എ ആര്‍ അര്‍ച്ചന നയിച്ച ചര്‍ച്ച മാലിന്യ മുക്ത കേരളം സൃഷ്ടിക്കുന്നതിനിടയില്‍ ഹരിതകര്‍മ്മ സേന നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുടെ പ്രശ്നങ്ങള്‍ പ്രത്യേകം പഠിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.
മാസവേതനം മുതല്‍ ആരോഗ്യ സുരക്ഷവരെ, സാമൂഹ്യ വിരുദ്ധരില്‍നിന്നും വന്യമൃഗങ്ങളില്‍നിന്നും നേരിടേണ്ടിവരുന്ന ആക്രമണങ്ങള്‍, മാലിന്യം സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് വീട്ടുകാരില്‍നിന്നും നേരിടേണ്ടിവരുന്ന അധിക്ഷേപങ്ങള്‍, മാലിന്യം സൂക്ഷിക്കുന്നതിനുള്ള സ്ഥലം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും അവ മാറ്റുന്നതിനുള്ള ചെലവും തുടങ്ങി നേരിടേണ്ടിവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍വരെ ചര്‍ച്ചയില്‍ വിഷയമായി.