Site iconSite icon Janayugom Online

വനിതാ യൂറോ: ഇംഗ്ലണ്ട് സെമിഫൈനലില്‍

വനിതാ യൂറോ കപ്പില്‍ ഇംഗ്ലണ്ട് സെമിഫൈനലില്‍. സ്വീഡനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3–2നാണ് ഇംഗ്ലണ്ട് തോല്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെ­നാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇറ്റലിയാണ് സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളി.
മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചടിച്ച് നിശ്ചിത സമയത്ത് ഇംഗ്ലണ്ട് സമനില സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ ക­സൊവരെ അസ്ലാനി സ്വീഡനായി ഗോള്‍ കണ്ടെത്തി. 25-ാം മിനിറ്റില്‍ സ്റ്റിന സ്വീഡന്റെ ഗോള്‍ ഇരട്ടിയാക്കി. ഇതോടെ ആദ്യ പകുതി 2–0ന് സ്വീഡന്‍ മുന്നില്‍ നിന്നു.
എന്നാല്‍ വിട്ടുകൊടുക്കാന്‍ ഇംഗ്ലണ്ട് തയ്യാറല്ലായിരുന്നു. 79-ാം മിനിറ്റില്‍ ലൂസി ബ്രോണ്‍സ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ കണ്ടെത്തി. ഈ ഗോളിന് ശേഷം മൂന്ന് മിനിറ്റിനുള്ളില്‍ മിഷേല്‍ എഗൈമാങ് ഇംഗ്ലണ്ടിന് സമനില കണ്ടെത്തി. എക്സ്ട്രാ ടൈമില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നോര്‍വയെ കീഴടക്കിയാണ് ഇറ്റലി സെമിടിക്കറ്റെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. ചൊവ്വ രാത്രി 12.30നാണ് ഇറ്റലിയുമായുള്ള ഇംഗ്ലണ്ടിന്റെ സെമിപോരാട്ടം. 

Exit mobile version