Site icon Janayugom Online

വനിതാ ഫുട്ബോള്‍ ലോകകപ്പ്‌ ക്വാര്‍ട്ടര്‍; തീപാറും പോരാട്ടങ്ങള്‍

വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. യൂറോപ്യന്‍ ശക്തികളുടെ പോരാട്ടങ്ങളിലൊന്നായി സ്പെയ്ൻ നെതര്‍ലൻഡ്സിനെ ആദ്യ ക്വാര്‍ട്ടറില്‍ നേരിടും. മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാൻ സ്വീഡനെ നേരിടും. 12ന് നടക്കുന്ന മത്സരങ്ങളില്‍ ഫ്രാൻസ് ആതിഥേയരായ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. ലാറ്റിനമേരിക്കൻ പ്രതിനിധികളായ കൊളംബിയയ്ക്ക് ഇംഗ്ലണ്ടാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക ചരിത്രത്തിലാദ്യമായി പ്രീ ക്വാര്‍ട്ടറില്‍ മടങ്ങിയിരുന്നു. ടൂര്‍ണമെന്റിലെ പുതിയ ഫേവറിറ്റുകളിലൊന്നായി സ്പാനിഷ് ടീം മാറിയിട്ടുണ്ട്. ഒരു പ്രധാന സീനിയർ ടൂർണമെന്റിൽ സ്വിറ്റ്‌സർലൻഡിനെതിരെ നോക്കൗട്ട് വിജയം സ്‌പെയിന്‍ നേടുന്നത് ആദ്യമായിരുന്നു. യൂത്ത് ലെവലിൽ സ്പെയിന്‍ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പിലും യൂറോ കപ്പിലും ഇത് ആവര്‍ത്തിക്കാന്‍ സ്പെയിനിന് കഴിഞ്ഞിട്ടില്ല. ഈയിടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ബാഴ്‌സലോണ ടീമിൽ നിന്നും ഒമ്പത് പേര്‍ സംഘത്തിലുണ്ടെന്നത് സ്പെയിന്‍ ടീമിന് കരുത്തായിട്ടുണ്ട്. 

രണ്ട് മഞ്ഞക്കാർഡ് ലഭിച്ചതിനാല്‍ മിഡ്ഫീൽഡർ ഡാനിയേൽ വാൻ ഡി ഡോങ്കിനെ കൂടാതെ വേണം നെതർലൻഡ്സ് കളത്തിലിറങ്ങേണ്ടത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയാണ് ഡച്ച് ടീം. അവസാന ആറ് മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് അവരുടെ കുതിപ്പ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഡാഫ്‌നെ വാൻ ഡോംസെലാർ ആയിരുന്നു വിജയശില്പി. ഡാഫ്‌നെ വലയ്ക്ക് കീഴില്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ കീഴടക്കുക സ്പെയിനിന് കടുത്ത വെല്ലുവിളിയാകും. ക്വാര്‍ട്ടറിലെത്തിയ എട്ട് ടീമുകളെ എടുത്താല്‍ ഏറ്റവും കുറവ് ബോള്‍ പൊസഷനുള്ള ടീമാണ് ജപ്പാന്‍. സ്‌പെയിനിനെതിരായ 4–0 വിജയത്തിൽ ജപ്പാന്‍ വെറും 24 ശതമാനം സമയം മാത്രമായിരുന്നു പന്ത് കൈവശംവച്ചത്. 

എന്നാല്‍ സാംബിയയ്‌ക്കെതിരെ 59 ശതമാനം പന്തടക്കം നേടാന്‍ ടീമിനായി. മത്സരഗതിക്കനുസരിച്ച് മാറാന്‍ കഴിയുന്ന ടീമാണ് തങ്ങളെന്ന് ജപ്പാന്‍ ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്. അക്കാരണത്താല്‍ ഏതൊരു എതിരാളിയെയും കളിക്കളത്തില്‍ നിഷ്പ്രഭമാക്കാനും സാധിക്കും. ഗോൾകീപ്പർ സെകിറ മുസോവിച്ചാണ് അമേരിക്കയ്‌ക്കെതിരായ സ്വീഡന്റെ വിജയം ഒരുക്കിയത്. നാല് കളികളിൽ നിന്ന് 14 ഗോളുകൾ നേടിയ ജപ്പാനെതിരെ മുസോവിച്ചിന്റെ പ്രകടനം നിര്‍ണായകമാകും. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ ഹിനത മിയാസാവയുടെ പ്രകടനവും ശ്രദ്ധിക്കപ്പെടും. 

Eng­lish Summary;Women’s Foot­ball World Cup Quar­ters; Fire and fighting
You may also like this video

Exit mobile version