Site iconSite icon Janayugom Online

വനിതാ ഹോക്കി ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ സവിത പുനിയ നയിക്കും

വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഗോള്‍ കീപ്പര്‍ സവിത പുനിയ നയിക്കും. അടുത്ത മാസം ഒന്നു മുതല്‍ 17വരെ നെതര്‍ലന്‍ഡ്സിലും സ്പെയിനിലുമായാണ് വനിതാ ഹോക്കി ലോകകപ്പ്. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ച റാണി രാംപാലിനെ പരിക്കില്‍ നിന്ന് പൂര്‍ണ മോചിതയാകാത്തതിനാല്‍ ഒഴിവാക്കി. 18 അംഗ ടീമില്‍ ഗോള്‍ കീപ്പറായി സവിതക്ക് പുറമെ ബിച്ചു ദേവി ഖാരിബവും ഇടംപിടിച്ചു. പ്രതിരോധനിരയില്‍ ദീപ് ഗ്രേസ് എക്ക, ഗുര്‍ജിത് കൗര്‍, നിക്കി പ്രഥാന്‍, ഉദിത എന്നിവരാണുള്ളത്. മധ്യനിരയില്‍ നിഷ, സുശീല ചാനു, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗര്‍, സോണിക, സലീമ ടിറ്റെ എന്നിവര്‍ ഇടം നേടി. മുന്നേറ്റനിരയില്‍ പരിചയസമ്പന്നയായ വന്ദന കടാരിയ, ലാല്‍റെംസിയാമി, നവനീത് കൗര്‍, ഷര്‍മിളാ ദേവി എന്നിവരുണ്ട്. പകരക്കാരായി യുവതാരങ്ങളായ അക്ഷത ദേഖലെ, സംഗീത കുമാരി എന്നിവരെയും ഉള്‍പ്പെടുത്തി. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ചൈന എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ടുമായി ജൂലൈ മൂന്നിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2018ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു.

eng­lish summary;Women’s Hock­ey World Cup: Savi­ta Punia to lead Indi­an team

You may also like this video;

Exit mobile version