അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാ പാർലമെന്റ് ഉദ്ഘാടനം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ആരോഗ്യ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലെെനായി നിർവഹിച്ചു.
വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും സംസ്ഥാന വനിതാ-ശിശു വികസനവകുപ്പ് ഒട്ടേറെ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് പ്രാവർത്തികമാക്കുന്നുണ്ട്. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഈ വനിതാ പാർലമെന്റിനെ അഭിനന്ദിക്കുന്നു. വനിതാ ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഇത്തരം പരിപാടികൾ പദ്ധതികൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനുമുള്ള വേദിയാണ്.
വിവിധ വകുപ്പുകളിലും മേഖലകളിലും സ്ത്രീ സാന്നിധ്യം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. പൊലീസ് സേനയിൽ 15 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരുന്നു. ഇത് ക്രമേണ വർധിപ്പിച്ചു കൊണ്ടുവരാനും തീരുമാനമുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലയിലും ലിംഗസമത്വം ഉറപ്പിക്കാൻ പുരുഷന്മാരുടെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. ഇതുകൂടി ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് സ്വാഗതം പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. എം എസ് താര, ഇ എം രാധ, ഷാഹിദാ കമാൽ, അഡ്വ. ഷിജി ശിവജി, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ജില്ലാ ജഡ്ജിയും കെൽസ മെമ്പർ സെക്രട്ടറിയുമായ നിസാർ അഹമ്മദ് കെ ടി, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൽ ബാരി യു എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
english summary; Women’s Parliament inaugurated
you may also like this video;