Site icon Janayugom Online

19 സംസ്ഥാന നിയമസഭകളില്‍ വനിതാ പങ്കാളിത്തം പത്ത് ശതമാനത്തില്‍ താഴെ

woman

രാജ്യത്ത് 19 സംസ്ഥാന നിയമസഭകളില്‍ വനിതാ പങ്കാളിത്തം പത്തു ശതമാനത്തില്‍ താഴെ മാത്രം. രാജ്യസഭയിലും ലോക്‌സഭയിലും യഥാക്രമം 14.05, 15.94 ശതമാനമാണ് പങ്കാളിത്തമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ നല്കിയ മറുപടിയില്‍ പറയുന്നു.
ബിഹാര്‍ 10.70, ഛത്തീസ്ഗഡ് 14.40, ഝാര്‍ഖണ്ഡ് 12.35, ഹരിയാന 10, പഞ്ചാബ് 11.11, രാജസ്ഥാന്‍ 12, ഉത്തരാഖണ്ഡ് 11.43, ഉത്തര്‍പ്രദേശ് 11.66, പശ്ചിമ ബംഗാള്‍ 13.70, ഡല്‍ഹി 11.43 ശതമാനം വീതമാണ് നിയമസഭകളിലെ സ്ത്രീ പങ്കാളിത്തം. ആന്ധ്രാ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, ഒഡിഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന നിയമസഭകളില്‍ പത്തു ശതമാനത്തില്‍ താഴെയാണ് പങ്കാളിത്തമെന്നും മറുപടിയിലുണ്ട്. കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ 8.2 ശതമാനവും ഹിമാചല്‍ പ്രദേശില്‍ ഒരാളുമാണുള്ളത്. 

ജനപ്രതിനിധി സഭകളിലെ സ്ത്രീ പങ്കാളിത്തത്തിന്റെ ദേശീയ ശരാശരി എട്ടുശതമാനം മാത്രമാണ്. അതേസമയം നിയമസഭകളിലെ മാത്രം പങ്കാളിത്തമെടുത്താ­ലും ദേശീയ ശരാശരി എട്ടു ശതമാനമാണ്. വനിതാ സംവരണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി സമവായത്തിലെത്തിയതിനുശേഷം മാത്രമേ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
വിവിധ രാഷ്ട്രീയ കക്ഷികള്‍ സംവരണ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1996ലാണ് ലോക്‌സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതിനുള്ള ബില്‍ ആദ്യമായി അവതരിപ്പിച്ചത്. പക്ഷേ നിയമമാക്കുവാനായില്ല. 2010ല്‍ ബില്‍ രാജ്യസഭ പാസാക്കിയെങ്കിലും കാലാവധിക്കുള്ളില്‍ ലോക്‌സഭ പാസാക്കാതിരുന്നതിനാല്‍ പാഴായിപ്പോകുകയായിരുന്നു. 

Eng­lish Sum­ma­ry: Wom­en’s par­tic­i­pa­tion in 19 state leg­is­la­tures is less than ten percent

You may also like this video

Exit mobile version