Site iconSite icon Janayugom Online

വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന്

വനിതാ പ്രീമിയർ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്ന് നടക്കും. ഡൽഹിയിൽ ഉച്ചതിരിഞ്ഞ് 3:30 നാണ് താരലേലം ആരംഭിക്കുക. 194 ഇന്ത്യൻ താരങ്ങളും 83 വിദേശ താരങ്ങളും ഉൾപ്പെടെ ആകെ 277 കളിക്കാർ ലേലത്തിനുണ്ടാകും. ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73 താരങ്ങളെ മാത്രമാണ്. ഇതിൽ 50 ഇന്ത്യൻ താരങ്ങൾക്കും 23 വിദേശതാരങ്ങൾക്കും അവസരം ലഭിക്കും. ഒരു ടീമിന് പരമാവധി ആറ് വിദേശതാരങ്ങൾ ഉൾപ്പെടെ 18 കളിക്കാരെ ടീമിലെത്തിക്കാം. ടീമുകളുടെ ആകെ ചെലവ് പരിധി 15 കോടി രൂപയാണ്.

പ്രധാനതാരങ്ങളെ നിലനിര്‍ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 5.70 കോടിരൂപയാണ് ബാക്കിയുള്ളത്. ഗുജറാത്ത് ജയന്റ്‌സിന് ഒന്‍പത് കോടി രൂപയും മുംബൈ ഇന്ത്യന്‍സിന് 5.75 കോടിരൂപയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 6.15 കോടിരൂപയും യു പി വാരിയേഴ്‌സിന് 14.5 കോടി രൂപയുമാണ് ബാക്കിയുള്ളത്. ദീപ്തി ശർമ്മ, രേണുക സിംഗ്, സോഫി ഡിവൈൻ, സോഫി എക്ലെസ്റ്റോൺ, അലിസ്സ ഹീലി, അമേലിയ കെർ, മെഗ് ലാനിംഗ്, ലോറ വോൾവാർഡ് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളത്. ആശ ശോഭന, സജന സജീവൻ, വി ജെ ജോഷിത, നജ്ല നൗഷാദ്, പണവി ചന്ദ്രൻ, സലോനി എന്നിവരാണ് ലേലത്തിലുള്ള കേരള താരങ്ങൾ. റെയിൽവേയുടെ മലയാളിതാരം മിന്നു മണിയും താരലേല പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Exit mobile version