വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക പോരാട്ടം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യക്ക് മതിയാകില്ല. ഉച്ചയ്ക്ക് 3.30ന് ഇൻഡോറിലാണ് മത്സരം നടക്കുന്നത്. തുടർച്ചയായ തോൽവികളിൽ നിന്ന് കരകയറി, ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ആദ്യ നാലിൽ ഇടം നേടി സെമി സാധ്യത നിലനിർത്താൻ സാധിക്കുകയുള്ളൂ. അവസാന മത്സരത്തിൽ ബാറ്റിങ്ങിൽ ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ബൗളിങ്ങിൽ തിളങ്ങാത്തതാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളി.
സ്മൃതി മന്ദാന, പ്രതീക റാവൽ എന്നിവർ ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. ഇംഗ്ലീഷ് നിരക്കെതിരെ ഹാർലീൻ ഡിയോളും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജെമ്മിമായും അവസരത്തിനൊത്ത് ഉയർന്നാൽ മാത്രമേ ഇന്ത്യക്ക് വലിയ റൺമല തീർക്കാൻ സാധിക്കൂ. ബൗളിങ്ങിൽ ആദ്യ മത്സരങ്ങളിലെ പോലെ പന്തെറിയാനായാൽ ഇംഗ്ലണ്ടിനെ മറികടക്കാം. ശ്രീ ചരണി, ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ എന്നിവരുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകൾ. കരുത്തരുടെ സ്ക്വാഡുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

