ഓസ്ട്രേലിയയും ന്യൂസിലാൻഡും ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് വനിതാ ഫുട്ബോൾ ഗ്രൂപ്പുതല മത്സരങ്ങൾ ആവേശ കൊടുമുടിയേറിയിരിക്കുന്നു. 10 വേദികളിലായാണ് മത്സരങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ വനിതാ കായിക ഇനത്തിൽ എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകൾ മത്സരിക്കുന്നു. കഴിവുറ്റ വനിതാ ഫുട്ബോൾ താരങ്ങൾക്ക് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാനും കാൽപ്പന്തിന്റെ ഉയർന്ന നിലവാരത്തിലെത്താനും ലോകകപ്പ് അവസരം നൽകുന്നു. കടുത്ത മത്സരവും വലിയ സമ്മാനങ്ങളും നിറയുന്ന കാണികളും ഇത്തവണത്തെ മത്സരം, കഴിഞ്ഞതിനെക്കാളെല്ലാം മികച്ചതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഉദ്ഘാടന മത്സരത്തിൽ കാണികൾക്കായി തയ്യാറാക്കിയ 83,500 സീറ്റുകൾ ദിവസങ്ങൾക്കു മുമ്പേ വിറ്റുപോയി. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള ആഴ്ചതന്നെ വിവിധ ദിവസങ്ങളിലേക്കുള്ള ഒരു ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.
കിരീടം നിലനിർത്താനും തുടർച്ചയായി മൂന്ന് ലോകകപ്പ് എന്ന ഖ്യാതിക്കായി പരിശ്രമിക്കുകയും ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ടീമിനെ വീഴ്ത്താനുള്ള കരുക്കളുമായി കളത്തിലെത്തിയവരാണ് ഏറെയും. കിരീടത്തിലേക്ക് എന്നു കരുതിയിരുന്ന ജർമ്മനിയെ കിക്കോഫിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ സാംബിയ കീഴടക്കി. അട്ടിമറിവേഷങ്ങൾ അണിയറയില്‍ തയ്യാറാണ്, കളിക്കളത്തിലെ പ്രയോഗമാണ് കാണേണ്ടത്. ജമൈക്ക, കാനഡ, ഹെയ്തി, സാംബിയ, മൊറോക്കോ എന്നീ ടീമുകൾ ഇക്കാര്യത്തിൽ മികച്ചവയാണ്. ഒരു മുൻ മിഡ്ഫീൽഡർ, ഫുട്ബോൾ ആരാധിക, ഫെമിനിസ്റ്റ് തുടങ്ങിയ നിലകളിൽ ചിന്തിക്കുമ്പോള്‍ കായികരംഗത്ത് ലിംഗസമത്വം അകലെയെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ഇതുകൂടി വായിക്കൂ: സ്ത്രീത്തൊഴിലാളികളേ മുന്നോട്ട്
സോക്കർ മനോഹരമായ കളിയാണ്. ലളിതവും മാന്ത്രികവും ഏറ്റവും വൈകാരികമായ കായിക വിനോദങ്ങളിൽ ഒന്നുമാണ്. 24 വർഷം പിന്നിട്ടെങ്കിലും, പെനാൽറ്റി കിക്കിലൂടെ ഫിഫ ലോക ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷം യുഎസ് താരം ബ്രാണ്ടി ചാസ്റ്റെയിന്‍ നടത്തിയ അവിസ്മരണീയമായ ആഘോഷം കൺമുമ്പിലുണ്ട്. വനിതാ ഫുട്ബോളിനെയും സ്ത്രീകളുടെ കായികവിനോദങ്ങളെയും വിലയിരുത്തുമ്പോൾ ഇതൊരു നാഴികക്കല്ലായി തിട്ടപ്പെടുത്താം. അതിനുശേഷം യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പ്രൊഫഷണൽ ലീഗുകൾക്കൊപ്പം വനിതാ ഫുട്ബോൾ വളർന്നു. 2023ലെ ലോകകപ്പിനായി പണം ഒഴുകാൻ തടസമുണ്ടായില്ല. ഔദ്യോഗിക സ്പോൺസറാകാൻ ‘വിസ’ സന്നദ്ധമായി. ഓരോ കളിക്കാരിക്കും കുറഞ്ഞത് 30,000 യുഎസ് ഡോളർ പ്രതിഫലമുണ്ടായി.
സാംബിയ, ഹെയ്തി, മൊറോക്കോ എന്നീ ടീമുകളെ നിരീക്ഷിക്കുന്നത് കൗതുകകരമാണ്. അവരുടെ ലോകകപ്പിലേക്കുള്ള യാത്ര ശ്രദ്ധേയവും പ്രചോദനാത്മകവുമാണ്. പ്രത്യേകിച്ച് യുഎസ് താരം മേഗൻ റാപിനോ അഭിനന്ദനം അർഹിക്കുന്നു. തലമുറയെ സ്വാധീനിച്ച ഈ ഫുട്ബോൾ കളിക്കാരി ഈ വർഷാവസാനം വിരമിക്കും. പെൺകുട്ടികൾക്കും സ്ത്രീകൾക്കും കളിക്കളത്തിലെ നായികമാരാകാൻ മാത്രമല്ല, കളിക്കളത്തിലും പുറത്തും മാറ്റത്തിനായി വാദിച്ച് വിശാലമായ സമൂഹത്തിന് നേതൃത്വം നൽകാനുള്ള രൂപരേഖ അവർ തയ്യാറാക്കിയിട്ടുണ്ട്. ‘ഇതിലൂടെ കളിക്കാൻ കഴിയില്ലെങ്കിൽ അതിലൂടെ കളിക്കുക” എന്ന ചൊല്ല് പോലെ, അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾ പരിഗണിക്കാതെ തന്റെ ലക്ഷ്യം നേടുന്നതിനായി സ്ഥിരോത്സാഹത്തോടെ മുന്നോട്ട് നീങ്ങണമെന്ന് അവർ ബോധ്യപ്പെടുത്തുന്നു.
ലോകകപ്പിൽ കളിക്കുന്ന വനിതകൾക്ക്, നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും ആശങ്കകളും ഏറെയാണ്. നിർഭാഗ്യവശാൽ, ഈ തടസങ്ങളിൽ ഭൂരിഭാഗവും മൈതാനത്തിന് പുറത്താണ്. പരിശീലനത്തിനുള്ള പണത്തിന്റെ അഭാവം, വേതനതുല്യത എന്നിവ പട്ടികയുടെ മുൻപന്തിയിൽ തുടരുന്നു. തങ്ങളുടെ രാജ്യത്തിനായി കളിക്കുന്നത് അഭിമാനമാണെങ്കിലും വനിതാതാരങ്ങള്‍ക്ക് പുരുഷതാരങ്ങള്‍ക്ക് തുല്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കണം. തങ്ങളോടുള്ള അവഗണന വ്യക്തമാക്കുന്ന ഒരു തുറന്ന കത്ത് കഴിഞ്ഞ മാസം ജമൈക്കൻ ടീം പുറത്തുവിട്ടിരുന്നു. നിലവാരമില്ലാത്ത പരിശീലന സാഹചര്യങ്ങളും കരാർ പ്രകാരമുള്ള പ്രതിഫലം നിഷേധിച്ചതും കത്തിൽ വിവരിക്കുന്നു. ലോകകപ്പിന് ആവശ്യമായ പരിശീലനോപകരണങ്ങൾ നൽകുന്നതില്‍ പരാജയപ്പെട്ട ഫുട്ബോൾ ഫെഡറേഷന്റെ നിരുത്തരവാദിത്തം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കൻ ടീം കളത്തിലിറങ്ങാൻ വിസമ്മതിച്ചതും ഏറെക്കാലം മുമ്പല്ല.
ഇതുകൂടി വായിക്കൂ: ലിംഗ സമത്വം: ഇന്ത്യ പിന്നില്‍
കാനഡ, ഇംഗ്ലണ്ട്, സ്പെയിൻ എന്നിവിടങ്ങളിലെ വനിതാ ടീമുകളും പ്രതിഫലത്തിലും പിന്തുണാ അസമത്വത്തിലും ആശങ്ക പ്രകടിപ്പിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഏറ്റവും വന്യവും വ്യാപകവുമായ രൂപങ്ങളിലൊന്നാണ് ലൈംഗിക പീഡനം. കായികരംഗത്താകെ ഇത് തുടരുന്നു. വനിതാ ലോകകപ്പും വ്യത്യസ്തമല്ല. കളിക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും തങ്ങൾ മുൻഗണന നൽകുന്നുവെന്ന് തെളിയിക്കാൻ ഫിഫ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സാംബിയൻ വനിതാ ടീം തുടർച്ചയായി വിജയിച്ചെങ്കിലും അവരുടെ പരിശീലകർക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങൾ അവഗണിക്കപ്പെട്ടു. ഹെയ്തി ടീമിലും ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയർന്നിരുന്നു. പലപ്പോഴും ലൈംഗികാതിക്രമങ്ങളെ ഫിഫ അഭിമുഖീകരിക്കുന്നത് വനിതാ ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിനെ ചൂണ്ടിക്കാട്ടിയാണ്.
താരങ്ങള്‍ ലൈംഗികാതിക്രമങ്ങളുടെ അപകടനിഴലിലിരിക്കുമ്പോൾ വനിതകളുടെ കായികവിനോദത്തിന് എങ്ങനെ അതിന്റെ പൂർണ ശേഷിയിൽ എത്താൻ കഴിയും? സമഗ്രരൂപത്തിൽ എന്ന് വിലയിരുത്താൻ കഴിയുന്ന വനിതാ ലോകകപ്പ് 2027ൽ എങ്ങനെ സാധ്യമാകും? താരങ്ങള്‍ സുരക്ഷിതരും നോക്കിലും വാക്കിലും പ്രവൃത്തിയിലുമുള്ള ലൈംഗിക അക്രമങ്ങളിൽ നിന്ന് മുക്തരാണ് എന്ന ഉറപ്പുമാണ് കളിക്കളത്തിനും പുറത്തുമുള്ള വനിതാ ഫുട്ബോളിന്റെ പുരോഗതിയെ നിശ്ചയിക്കുന്നത്. ഭരണകൂടങ്ങള്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പെൺകുട്ടികളെ മത്സരങ്ങള്‍ക്ക് തയ്യാറാക്കുകയും വേണം. ലോകകപ്പിലെ വനിതാ താരങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, അവർക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കേണ്ടതുമുണ്ട്. വനിതാ കായിക മേഖലയിൽ തുടർച്ചയായ സമഗ്ര പരിഷ്കാരങ്ങൾക്കായി മുന്നിട്ടിറങ്ങുകയും വേണം.
(അവലംബം: ദ വയര്‍)