കാനഡയിൽ മലയാളികളുൾപ്പെടെ 1.31 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റിന്റെ കാലാവധി ഡിസംബർ 31 ന് അവസാനിക്കും. കാലാവധി നീട്ടി നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കാനഡ തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങുകയല്ലാതെ ഇവർക്ക് മുമ്പിൽ മറ്റ് വഴികളില്ല.
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ കാലാവധി നീട്ടി നൽകലിന് എത്രത്തോളം സാധ്യതയുണ്ട് എന്ന കാര്യത്തിൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഇരു രാജ്യങ്ങളും കടുത്ത നടപടികളിലേക്ക് കടന്നാൽ അത് വിസ നടപടികൾ വൈകാനും കാരണമായേക്കുമെന്നതിനാൽ ഒന്നിനെക്കുറിച്ചും വ്യക്തതയില്ലാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹം.
പാർട്ട് ടൈം തൊഴിലെടുക്കാനുള്ള സമയം വെട്ടിച്ചുരുക്കിയതുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്ന പല നടപടികളും കുറെ നാളായി കാനഡ തുടർന്നു വരികയായിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുകയാണ്. കുടിയേറ്റം നിയന്ത്രിക്കുന്നതടക്കമുള്ള നടപടികൾ ശക്തിപ്പെടുന്നതിന് പുറമെയാണ് വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പുതിയ വിഷയം. വലിയ പ്രതീക്ഷകളോടെ വിദ്യാർത്ഥികളെ കാനഡയിലേക്കയച്ച കേരളത്തിലേതടക്കം രാജ്യത്തെ എല്ലാ കുടുംബങ്ങളും വേവലാതിയിലാണ്. ഈ വിദ്യാർത്ഥികൾക്ക് അവിടെ തുടരാൻ വർക്ക് പെർമിറ്റ് കാലാവധി നീട്ടി കിട്ടേണ്ടതനിവാര്യമാണ്.
ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റു (പിജിഡബ്ലിയുപി)മായി ബന്ധപ്പെട്ട് സ്വീകരിച്ച നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് 50 ദിവസത്തിലേറെയായി ഇന്ത്യൻ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലാണ്. നൗജവാൻ സ്റ്റുഡന്റ്സ് നെറ്റ് വർക്കി (എൻ എസ് എൻ )ന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ്സ് ഓർഗനൈസേഷ (എംവൈഎസ്ഒ)ന്റെ പിന്തുണയുമുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ വർഷങ്ങളുടെ പഠനം വൃഥാവിലായ നിരാശയുമായി ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും മടങ്ങാനൊരുങ്ങുകയാണെന്നും വാർത്തകളുണ്ട്.
വിദേശ വിദ്യാർത്ഥികളുടെ ജോലി ആഴ്ചയിൽ 24 മണിക്കൂർ മാത്രമായി ഈയിടെ പരിമിതപ്പെടുത്തിയിരുന്നു. കാനഡയിൽ പഠനത്തിനെത്തുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും താമസത്തിനും നിത്യചെലവുകൾക്കും മറ്റും പണം കണ്ടെത്തുന്നത് പാർട്ട് ടൈം ജോലിയിലൂടെ ലഭിക്കുന്ന വേതനത്തിൽ നിന്നാണ്. വിദേശത്തു നിന്നുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാൻ താത്കാലിക തൊഴിൽ വിസ (ടിഎഫ്ഡബ്ലിയു) യിലും പുതിയ നിയമങ്ങൾ കാനഡ ഏർപ്പെടുത്തിയിരുന്നു.