ഡ്യൂട്ടിക്കിടെ സ്വയം വെടിയുതിര്‍ത്ത് മരിച്ച് മലയാളി വ്യോമസേന ഉദ്യോഗസ്ഥൻ. സുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ് സാനു (47) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പർ ടവർ പോസ്റ്റില്‍ ഡ്യൂട്ടിക്ക് കയറി 10 മിനിറ്റിനകം എകെ 103 റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദേശീയ റിപ്പോർട്ട്. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയിരുന്ന സാനു തലയിലാണ് വെടിയുതിര്‍ത്തത്. പിന്നാലെ മുകളിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയും ചെയ്തു.
താഴെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ സൈനികനെ ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജോലിയി സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. സാനുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് കുടുംബം. ഇന്നലെ വൈകിട്ട് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ഇന്ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

