Site iconSite icon Janayugom Online

വർക്കേഴ്‌സ് പാർട്ടി ഓഫ് ബംഗ്ലാദേശ് പൊതുതെരഞ്ഞടുപ്പില്‍ നിന്ന് പിന്മാറി

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പില്‍ നിന്ന് വർക്കേഴ്സ് പാർട്ടി ഓഫ് ബംഗ്ലാദേശ് പിന്മാറി. രാജ്യത്തെ ക്രമസമാധാന നില വഷളായതും തുല്യാവകാശം ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അഭാവവുമാണ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിന് പ്രധാന കാരണങ്ങളായി പാർട്ടി വ്യക്തമാക്കിയത്. 

രാജ്യത്തെ ആഴത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിന്, എല്ലാ രാഷ്ട്രീയ സംഘടനകൾക്കും തുല്യമായ അവസരം ലഭിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് പാര്‍ട്ടി ശക്തമായി വിശ്വസിക്കുന്നു. എന്നാല്‍ ഇടക്കാല സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത നഷ്ടപ്പെട്ടുവെന്നും ദേശീയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ നിരവധി പാർട്ടികളെ ഉൾപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു. രജിസ്റ്റർ ചെയ്ത പാർട്ടിയാണെങ്കിലും, തെരഞ്ഞെടുപ്പ് തീരുമാനിക്കുന്ന മുഴുവൻ പ്രക്രിയയില്‍ ഒരിക്കലും കൂടിയാലോചനകൾക്കായി ക്ഷണിച്ചിട്ടില്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. 

വർക്കേഴ്സ് പാർട്ടി ഓഫ് ബംഗ്ലാദേശ് പ്രസിഡന്റ് റഷീദ് ഖാൻ ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ്. ജനറൽ സെക്രട്ടറി ഫാസിൽ ഹൊസൈൻ ബാദ്ഷാ ഉള്‍പ്പെടെയുള്ള നിരവധി ഉന്നത നേതാക്കള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാര്‍ട്ടി ഓഫിസും അനുബന്ധ ഗ്രൂപ്പുകളുടെ മറ്റ് നിരവധി ഓഫിസുകളും ആവർത്തിച്ച് ആക്രമിക്കപ്പെട്ടു. പാർട്ടി ഓഫിസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും നിയമവിരുദ്ധമായ അധിനിവേശത്തിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ, പൊലീസ്, സൈന്യം, കോടതി എന്നിവിടങ്ങളില്‍ നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. 

Exit mobile version