Site iconSite icon Janayugom Online

പഞ്ചാബിന് പണിപാളി; കൊല്‍ക്കത്തയുടെ കടിഞ്ഞാണ്‍

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് ബാറ്റിങ് തകര്‍ച്ച. 15.3 ഓവറില്‍ 111 റണ്‍സിന് പഞ്ചാബ് ഓള്‍ഔട്ടായി. 15 പന്തില്‍ 30 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്നും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറയും ആന്‍റിച്ച് നോര്‍ക്യയും ഓരോ വിക്കറ്റ് വീതവും നേടി.
മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കൊല്‍ക്കത്ത ബൗളര്‍മാര്‍ പഞ്ചാബിനെ വരിഞ്ഞുമുറുക്കി. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലായി പഞ്ചാബ്. സ്കോര്‍ 39ല്‍ നില്‍ക്കെ പ്രിയാന്‍ഷ് ആര്യയെയാണ് ആദ്യം നഷ്ടമായത്. 12 പന്തില്‍ 22 റണ്‍സ് നേടിയാണ് താരം പുറത്തായത്. മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ രണ്ട് പന്തുകള്‍ നേരിട്ട് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഓസ്ട്രേലിയന്‍ താരമായ ജോഷ് ഇംഗ്ലിസിനും പിടിച്ചുനില്‍ക്കാനായില്ല. രണ്ട് റണ്‍സെടുത്ത താരത്തെ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി. ഓപ്പണറായ പ്രഭ്സിമ്രാന്‍ സിങ് പവര്‍പ്ലേയിലെ അവസാന പന്തില്‍ പുറത്തായി. 

ഇതോടെ പഞ്ചാബ് സമ്മര്‍ദ്ദത്തിലായി. കൂറ്റനടിക്കാരനായ ഗ്ലെന്‍ മാക്സ്‌വെല്‍ (ഏഴ്), സുയാന്‍ഷ് ഷെഡ്ഗെ (നാല്), മാര്‍ക്കോ യാന്‍സന്‍ (ഒന്ന്) തുടങ്ങിവരെല്ലാം വന്നപോലെ അതിവേഗം മടങ്ങി. എട്ടാമനായി ക്രീസിലെത്തിയ ശശാങ്ക് സിങ്ങാണ് പഞ്ചാബ് സ്കോര്‍ 100 കടത്തിയത്. പിന്നാലെ 17 പന്തില്‍ 18 റണ്‍സെടുത്ത ശശാങ്കിനെ വൈഭവ് അറോറ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് 11 റണ്‍സ് നേടി. കഴി‍ഞ്ഞ മത്സരത്തില്‍ 245 റണ്‍സെന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണയും വമ്പന്‍ സ്കോര്‍ പ്രതീക്ഷിച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 120 പോലും കടക്കാനായില്ല. 

Exit mobile version