Site iconSite icon Janayugom Online

ഇന്ത്യയുടെ വളര്‍ച്ച വെട്ടിക്കുറച്ച് ലോകബാങ്ക്

റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് ലോകബാങ്ക്. 2022–23 സാമ്പത്തികവര്‍ഷത്തില്‍ 8.7 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന മുന്‍ പ്രവചനം എട്ട് ശതമാനമാക്കിയാണ് തിരുത്തിയിരിക്കുന്നത്. ദക്ഷിണ ഏഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കും വെട്ടിക്കുറച്ചു. 7.6 ശതമാനത്തില്‍ നിന്നും 6.6 ശതമാനമാക്കിയാണ് കുറവ് വരുത്തിയിരിക്കുന്നത്. ദക്ഷിണ ഏഷ്യന്‍ മേഖലയിലെ പ്രധാന സമ്പദ്ഘടന ഇന്ത്യയുടേതാണ്. പാകിസ്ഥാന്റെ വളര്‍ച്ചാപ്രവചനം നാല് ശതമാനമായി നിലനിര്‍ത്തി.

വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയുടെ വളര്‍ച്ചാനിരക്ക് 2.4 ശതമാനത്തില്‍ നിന്നും 2.1 ശതമാനമായി താഴ്ത്തുകയും ചെയ്തു. ഇന്ത്യയില്‍ കുടുംബ ഉപഭോഗം പൂര്‍ണമായി കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകബാങ്ക് വൈസ് പ്രസിഡന്റ് ഹാര്‍ട്ട്വിഗ് ഷാഫര്‍ പറഞ്ഞു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഘടകമാണെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും ഉയര്‍ന്ന നിലയിലാണ്.

മാര്‍ച്ചില്‍ 6.95 ശതമാനമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ രാജ്യത്തെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.07 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട പണപ്പെരുപ്പം മാര്‍ച്ചില്‍ 7.68 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ ഇത് 5.85 ശതമാനമായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവദനീയമായ പരിധിയ്ക്ക് മുകളില്‍ തുടരുന്നത്. ചൈന, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും പണപ്പെരുപ്പം ക്രമാതീതമായി ഉയരുകയാണ്.

Eng­lish sum­ma­ry; World Bank cuts Indi­a’s growth

You may also like this video;

Exit mobile version