2047ല്‍ ഇന്ത്യ വികസിത സാമ്പത്തിക ശക്തിയായി മാറുമെന്ന നരേന്ദ്ര മോഡിയുടെ ആഗ്രഹം പൂവണിയില്ലെന്ന് ലോക ബാങ്ക് പ്രതിനിധി. രാജ്യം രൂക്ഷമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന വേളയില്‍ ഇതിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും ലോക ബാങ്കിന്റെ സൗത്ത് ഏഷ്യ മുഖ്യ പ്രതിനിധി ഫ്രാന്‍സിസ്ക എന്‍സോര്‍ജ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയാണ് ഇതിന്റെ ആദ്യപടിയെന്നും ഫ്രാന്‍സിസ്ക എന്‍സോര്‍ജ് അഭിപ്രായപ്പെട്ടു.
മോഡിയുടേത് വിദൂര സ്വപ്നം മാത്രമാണ്. അടിസ്ഥാനപരമായ മാറ്റം വരുത്താത്തപക്ഷം അത് വെറും മോഹമായി അവശേഷിക്കും.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോക ബാങ്കിന്റെ ജോബ് ഫോര്‍ റിസിലിയന്‍സ് റിപ്പോര്‍ട്ടില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടുന്നു.
2010ലായിരുന്നു ഇത്തരമൊരു അവസ്ഥ ആദ്യമുണ്ടായത്. 2000 മുതല്‍ 22 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ പിന്നോട്ട് പോയി. ഇന്ത്യക്ക് പിന്നില്‍ നേപ്പാള്‍ മാത്രമാണ് തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ഉദാസീനത കാട്ടുന്നത്.
ഉയരുന്ന ജനസംഖ്യക്ക് ആനുപാതികമായി തൊഴിലവസരം വര്‍ധിക്കാത്തത് ആഭ്യന്തര മൊത്ത ഉല്പാദന വളര്‍ച്ചയ്ക്കും തിരിച്ചടി സൃഷ്ടിക്കും. രാജ്യത്തെ തൊഴില്‍ശക്തിയില്‍ വന്ന ഗണ്യമായ ഇടിവാണ് വികസിത സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന വെല്ലുവിളി.
കഴിഞ്ഞ മാസം ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ ഇന്ത്യ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് 2024 ല്‍ രാജ്യത്തെ യുവജനങ്ങളുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരുടെ ശതമാനം 82.9 ആണെന്ന് രേഖപ്പെടുത്തിയിരുന്നു.
സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയ യുവജനങ്ങളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് മടങ്ങ് വര്‍ധിച്ചതായും ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ ശതമാനം 20 ആയി വര്‍ധിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: World Bank says India is not a developed economic power
You may also like this video