രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനുമായി പാകിസ്ഥാന് 700 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകാൻ ലോകബാങ്ക് അനുമതി നൽകിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘പബ്ലിക് റിസോഴ്‌സസ് ഫോർ ഇൻക്ലൂസീവ് ഡെവലപ്‌മെന്റ്’ പദ്ധതിയുടെ ഭാഗമായാണ് ഈ തുക കൈമാറുന്നത്. അനുവദിച്ച തുകയിൽ 60 കോടി ഡോളർ ഫെഡറൽ പ്രോഗ്രാമുകൾക്കും 100 കോടി ഡോളർ സിന്ധ് പ്രവിശ്യയിലെ വികസന പ്രവർത്തനങ്ങൾക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ പാകിസ്ഥാന് ആകെ 1.35 ബില്യൺ ഡോളർ വരെ ധനസഹായം ലഭിക്കാൻ സാധ്യതയുണ്ട്. നികുതി പരിഷ്കരണം, സ്കൂളുകൾക്കും ക്ലിനിക്കുകൾക്കും കൃത്യമായ ഫണ്ട് ഉറപ്പാക്കൽ, സുതാര്യമായ ബജറ്റ് ആസൂത്രണം എന്നിവയാണ് ഈ പദ്ധതിയിലൂടെ ലോകബാങ്ക് ലക്ഷ്യമിടുന്നത്.
പാകിസ്ഥാന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് ലോകബാങ്ക് കൺട്രി ഡയറക്ടർ ബൊലോർമ അമ്ഗാബസാർ വ്യക്തമാക്കി. ആഭ്യന്തര വിഭവങ്ങൾ കാര്യക്ഷമമായും സുതാര്യമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ സഹായം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ ഓഗസ്റ്റ് മാസത്തിൽ പഞ്ചാബ് പ്രവിശ്യയിലെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലോകബാങ്ക് 4.79 കോടി ഡോളർ ഗ്രാന്റായി നൽകിയിരുന്നു.

