Site iconSite icon Janayugom Online

ലോക മതസമ്മേളനം; ആര്‍എസ്എസ് പ്രതിനിധിയെ ഒഴിവാക്കി

അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന ലോക മത സമ്മേളന (പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയന്‍) ത്തില്‍ നിന്ന് ആര്‍എസ്എസ് പ്രതിനിധിയെ ഒഴിവാക്കി. ആര്‍എസ്എസ് സ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കുന്നതായി സംഘാടകര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഇന്ത്യന്‍ പ്രതിനിധിയായ നിവേദിത ബിഡെ ഒഴിവാക്കപ്പെട്ടത്. വിവേകാനന്ദ കേന്ദ്രയുടെ ഭാരവാഹിയായ നിവേദിതയുടെ നിലപാട് സംഘാടകര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അറിയിപ്പില്‍ പറയുന്നു. സമ്മേളനത്തില്‍ പല ഹൈന്ദവ സംഘടനാ പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ നിന്നാണ് ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ ഒഴിവാക്കിയത്.

മുസ്ലിം വിരുദ്ധ നിലപാടുകളും ആര്‍എസ്എസ് ബന്ധവും ചൂണ്ടിക്കാട്ടി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിവേദിതയെ പുറത്താക്കിയത്. സ്വാതന്ത്ര്യവും മനുഷ്യാവകാശവും അജണ്ടയിലില്ലാത്ത സംഘടനയുടെ ഭാഗമായ വ്യക്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഭൂഷണമല്ലെന്നും സമ്മേളന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സമ്മേളനത്തിന്റെ ഭാഗമായി ഹിന്ദു- ക്രിസ്ത്യന്‍ ദേശീയത നേരിടുന്ന വെല്ലുവിളി, ജാതി വ്യവസ്ഥ, അഭിപ്രായ സ്വാതന്ത്ര്യം, ദക്ഷിണേഷ്യയില്‍ മനുഷ്യാവകാശം ഊര്‍ജിതമാക്കുക എന്നിങ്ങനെ നാല് ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു.
ഇതിനിടെ നിവേദിതയുടെ വിലക്കിനെ വിമര്‍ശിച്ച് ആര്‍എസ്എസ് അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നു. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള നടപടിയാണ് സംഘാടകര്‍ സ്വീകരിച്ചതെന്നും ഹിന്ദു ശബ്ദം തമസ്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി. 2018 ല്‍ കാനഡയില്‍ നടന്ന ലോക മത പാര്‍ലമെന്റില്‍ തീവ്രഹൈന്ദവ ആശയങ്ങളെ എതിര്‍ക്കുന്ന സ്വാമി അഗ്നിവേശ് ആണ് പങ്കെടുത്തത്. 1893ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന ആദ്യ മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ പങ്കെടുത്തിരുന്നു.

Eng­lish sum­ma­ry; World Con­fer­ence of Reli­gions; The RSS rep­re­sen­ta­tive was excluded
you may also like this video;

Exit mobile version