കലിംഗ സ്റ്റേഡിയത്തില്‍ തുല്യശക്തികള്‍ തമ്മിലുള്ള കലാശപ്പോരില്‍ ജര്‍മ്മനിക്ക് ജയം. കിരീടത്തുടര്‍ച്ച ലക്ഷ്യമിട്ട് കളത്തിലെത്തിയ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ജര്‍മ്മനി ലോകകപ്പ് ഹോക്കിയില്‍ മൂന്നാം കിരീടം സ്വന്തമാക്കിയത്. 2002ലും 2006ലും കിരീടം നേടിയ ജര്‍മ്മനി 2010 ലും ഫൈനലിലെത്തിയിരുന്നെങ്കിലും കപ്പടിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2018 ലെ ലോകകപ്പ് നേട്ടത്തിനും ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ വിജയത്തിനും തുടര്‍ച്ചയെന്നോണം മൂന്നാം കിരീടമെന്ന ബെല്‍ജിയത്തിന്റെ മോഹത്തെ പൊരിഞ്ഞ പോരാട്ടത്തിലൂടെയാണ് ലോക നാലാം റാങ്കുകാരായ ജര്‍മ്മനി നുള്ളി എറിഞ്ഞത്.
അടിച്ചും തിരിച്ചടിച്ചും തകര്‍ത്ത മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നുഗോളുകള്‍ വീതം നേടി സമനിലയായി. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടിയ ബെല്‍ജിയം അനായാസജയം നേടുമെന്ന് തോന്നലുണ്ടായെങ്കിലും ക്വാര്‍ട്ടറിലും സെമിയിലും കണ്ട ജര്‍മ്മനിയുടെ ഉയിര്‍പ്പ് രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ പ്രകടമായപ്പോള്‍ തിരിച്ചടിയും തുടങ്ങി. രണ്ടുഗോളുകളും മടക്കയ ജര്‍മ്മന്‍ ടീം അവസാന ക്വാര്‍ട്ടറില്‍ 3–2 ന് മുന്നിലെത്തി. മത്സരം സമനിലയിലാക്കാന്‍ ബെല്‍ജിയം നടത്തി കിണഞ്ഞ പരിശ്രമങ്ങള്‍ കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മുമ്പാണ് സഫലമായത്.
ബൂണിന്റെ വൈകിയുള്ള സമനില ഗോളില്‍ ബെല്‍ജിയം കാര്യങ്ങള്‍ സമനിലയില്‍ എത്തിച്ചു. നിശ്ചിത സമയത്ത് രണ്ട് മിനിറ്റില്‍ താഴെ ശേഷിക്കെ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയാണ് ബൂണ്‍ ബെല്‍ജിയത്തിനെ ഒപ്പമെത്തിച്ചത്. സ്കോര്‍ 3–3. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജര്‍മ്മനിയുടെ കിരീടനേട്ടം. സ്കോര്‍ 5–4 ക്യാപ്റ്റന്‍ മാറ്റ്സ് ഗ്രംബുഷ് നേരത്തെ അവസാന പാദത്തില്‍ ഗോള്‍ നേടിയത് ജര്‍മ്മനിയെ മത്സരത്തില്‍ ആദ്യമായി മുന്നിലെത്തിക്കാന്‍ സഹായിച്ചു. നേരത്തെ, മൂന്നാം പാദത്തില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിക്കൊണ്ട് ഗോണ്‍സാലോ പീലാറ്റാണ് ജര്‍മ്മനിയെ സമനിലയിലേക്ക് തിരികെ കൊണ്ടുവന്നത്.
ആദ്യ പകുതിയുടെ അവസാനത്തില്‍നിക്ലാസ് വെല്ലന്‍ ജര്‍മ്മനിക്കുവേണ്ടി ആദ്യ ഗോള്‍ നേടിയിരുന്നു. 10-ാം മിനിറ്റില്‍ ഫ്ളോറന്റ് ഔബെല്‍ കോസിന്‍സ് എന്നിവര്‍ ബെല്‍ജിയത്തിനായി ഗോളുകള്‍ നേടി മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ടീമിനെ മുന്നിലെത്തിക്കുകയുണ്ടായി. നേരത്തെ നടന്ന മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് വെങ്കലമെഡല്‍ സ്വന്തമാക്കി.
English Summary:World Cup Hockey; Germany wins the title
You may like this video also