Site iconSite icon Janayugom Online

ലോകകപ്പ് യോഗ്യത: അര്‍ജന്റീന — ബ്രസീല്‍ പോരാട്ടം ഇന്ന്

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന് ഗ്രൗണ്ടില്‍ തീപാറും. ചിരവൈരികളായ അര്‍ജന്റീന‑ബ്രസീല്‍ പോരാട്ടത്തിനാണ് ലോകം ഇന്ന് സാക്ഷിയാകുക. പുലര്‍ച്ചെ 5.30നാണ് മത്സരം. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നും യോഗ്യത ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് ഒരു പോയിന്റ് മതി. സമനില നേടിയാല്‍ പോലും അര്‍ജന്റീന യോഗ്യത നേടും. ബ്രസീലിന് ജയം അനിവാ​ര്യമാണ്. ഇരു ടീമുകൾക്കും സമ്മർദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങുന്നത്. ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മറുമില്ല. പരിക്കാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. 13 കളിയില്‍ ഒമ്പത് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം 28 പോയിന്റുമായാണ് അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്നത്. 22 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഏഴുഗോള്‍ മാത്രം. ആറ് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമുള്ള ബ്രസീല്‍ 21 പോയിന്റുമായി മൂന്നാംസ്ഥാനത്ത്. 19 ഗോള്‍ നേടിയപ്പോള്‍ 12 ഗോള്‍ തിരിച്ചു വാങ്ങി. അവസാന അഞ്ച് മത്സരത്തില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ബ്രസീല്‍, മാരക്കാനയില്‍ അര്‍ജന്റീനയോടേറ്റ ഒറ്റഗോള്‍ തോല്‍വിക്ക് പകരംവീട്ടാനാണ് ഇറങ്ങുന്നത്. 

അർജന്റീനയ്ക്കെതിരെ കഴിഞ്ഞ ആറ് വർഷമായി ഒരു മത്സരവും ബ്രസീൽ ജയിച്ചിട്ടില്ല. 2019ൽ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഒരു മേജർ കിരീടവും ബ്രസീലിനില്ല. മറുഭാ​ഗത്ത് അർജന്റീന 2022ലെ ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഫൈനലിസിമ കിരീടം എന്നിവയെല്ലാം അതിനിടെ നേടി. അര്‍ജന്റീന മൂന്ന് കളിയില്‍ ജയിച്ചപ്പോള്‍ ആശ്വസിക്കാനുള്ളത് ഒറ്റസമനില. സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന 12 കളിയില്‍ 11 ക്ലീന്‍ ഷീറ്റുള്ള എമിലിയാനോ മാര്‍ട്ടിനെസിനെ മറികടക്കുകയാവും ബ്രസീലിന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊളംബിയയെ തോല്പിച്ച ടീമില്‍ ബ്രസീല്‍ ആറ് മാറ്റം വരുത്തിക്കഴിഞ്ഞു. പരിക്കേറ്റ അലിസണ്‍, ഗെര്‍സണ്‍, സസ്‌പെന്‍ഷനിലായ ഗബ്രിയേല്‍ മഗാലെസ്, ബ്രൂണോ ഗ്വിമയ്‌സ് എന്നിവര്‍ക്ക് പകരം ബെന്റോ, മുറിലോ, ആന്ദ്രേ, ജോയലിന്റണ്‍ എന്നിവര്‍ക്കൊപ്പം വെസ്ലിയും മത്തേയൂസ് കൂ­ഞ്ഞയും ടീമിലെത്തും. റഫീഞ്ഞ, വിനീഷ്യസ്, റോഡ്രിഗോ എന്നിവരിലാണ് ഗോള്‍പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ കൊളംബിയയ്ക്കെതിരെ ബ്രസീല്‍ വിജയം നേടിയപ്പോള്‍ അര്‍ജന്റീന ഉറുഗ്വെയെ തോല്പിച്ചിരുന്നു. അതും മെസിയുടെ അഭാവത്തില്‍.

മെസി, ഡിബാല, ലൗട്ടാരോയുമില്ലാതെയാണ് അര്‍ജന്റീനയിറങ്ങുന്നത്. പരിശീലകൻ ലയണല്‍ സ്കലോണി ഹൂലിയൻ അല്‍വാരസും തിയാഗോ അല്‍മാഡയും സ്റ്റാർട്ടിങ് ലൈനപ്പില്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി. ഇന്നത്തെ നിലയിൽ ബ്രസീൽ അർജന്റീന മത്സരം പ്രവചനാതീതമാകും. രണ്ട് രാജ്യങ്ങളും പുതുമുഖങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 

Exit mobile version