Site icon Janayugom Online

ആശങ്ക ഒഴിയുന്നില്ല ; ഭീതിപരത്തി പുതിയ കോവിഡ് വകഭേദം ‘മു’

പുതിയ കോവിഡ് വകഭേദമായ ‘മു‘വിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ജനുവരിയില്‍ കൊളംബിയയില്‍ ആദ്യം കണ്ടെത്തിയ ഇതിനെ വേരിയന്റ് ഓഫ് ഇന്ററസ്റ്റ് എന്ന വിഭാഗത്തിലാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബി.1.621 എന്നാണ് മു വകഭേദം ശാസ്ത്രീയമായി അറിയപ്പെടുന്നതെന്നും ഡബ്ല്യുഎച്ച്ഒയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.കോവിഡ് വാക്സിനുകളെ മറികടക്കുന്ന വകഭേദം അതിവേഗത്തില്‍ കൂടുതല്‍ ജനിതകമാറ്റത്തിന് വിധേയമാകുന്നതാണ്. ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ പുതിയ വൈറസ് വകഭേദങ്ങളുടെ ആവിർഭാവത്തിൽ വ്യാപകമായ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും നിയന്ത്രണങ്ങളില്‍ വരുത്തിയിട്ടുള്ള ഇളവ് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധരും മുന്നറിയിപ്പ് നല്‍കുന്നു.

193 രാജ്യങ്ങളില്‍ കണ്ടെത്തിയ ആല്‍ഫ, 170 രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ എന്നിവ ഉള്‍പ്പെടെ നാല് കോവിഡ് വകഭേദങ്ങളെയാണ് ഡബ്ല്യുഎച്ച്ഒ മാരകമായ വൈറസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മു അടക്കമുള്ള അഞ്ച് വകഭേദങ്ങള്‍ നിലവില്‍ നിരീക്ഷണത്തിലാണ്.കൊളംബിയയെ കൂടാതെ മറ്റ് തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും മു വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘മു‘വിന്റെ ആഗോള പ്രിവിലന്‍സ് 0.1 ശതമാനമായി ഇടിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കൊളംബിയയില്‍ ഇത് 39 ശതമാനമാണെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. 

അതേസമയം ദക്ഷിണാഫ്രിക്കന്‍ വകഭേദമായ സി.1.2വിനെ മാരക വൈറസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. മാരക കോവിഡ് വൈറസ് വകഭേദങ്ങളില്‍ ഡെല്‍റ്റ വേരിയന്റ് ആധിപത്യം തുടരുകയാണ്. ഇതുവരെ ആഗോളതലത്തില്‍ നൂറ് സി.1.2 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ മെയ് മാസത്തിലാണ് ആദ്യമായി ഈ കോവിഡ് വകഭേദം കണ്ടെത്തിയത്.
ENGLISH SUMMARY; World Health Orga­ni­za­tion (WHO) says it is mon­i­tor­ing the new Covid vari­ant of the Mu
YOU MAY ALSO LIKE THIS VIDEO;

Exit mobile version