Site icon Janayugom Online

കരളിനെ കാത്ത് സൂക്ഷിക്കാം; ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗലക്ഷണങ്ങൾ ക­ണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കു­ത്തിവയ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടി വന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാൽ തന്നെ അവബോധം പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വർഷവും ജൂലൈ 28നാ­ണ്­ ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരൾ’ എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം.

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഹെപ്പറ്റൈറ്റിസ് എ മുതൽ ഇ വരെ പലതരത്തിലുള്ള വൈറസുകൾ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് ബിക്ക് തിരഞ്ഞെടുത്ത ആശുപത്രികളിൽ രോ­­ഗസാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവർക്ക് രോഗനിർണയം നടത്തി രോഗമില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രതിരോധ കുത്തിവയ്പ് നൽകുന്നു. രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പ­കരുന്നത് തടയാൻ നവജാത ശിശുവിന് ജനനസമയത്തു ത­ന്നെ ഇമ്മുണോഗ്ലോബുലിൻ നൽകുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളിൽ ലഭ്യമാണ്.

ഗർഭിണികൾക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്ര­സവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിർണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് മാതൃകാ ചികിത്സാ കേ­ന്ദ്രമാണ്. ഹെ­പ്പെറ്റൈറ്റിസ് ബിക്കും സിക്കും ചികിത്സയ്ക്കുള്ള മരുന്നുക­ൾ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. നിലവിൽ സംസ്ഥാനത്ത് 32 ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. ഈ വർഷം പുതിയതായി അ‍ഞ്ച് ആ­ശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കും.

Eng­lish Sum­ma­ry: World Hepati­tis Day
You may also like this video

Exit mobile version