Site iconSite icon Janayugom Online

ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഏഴാം സ്ഥാനത്ത് ഇന്ത്യ

ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ. ഒരു വെള്ളിയും രണ്ട് വെങ്കല മെഡലുകളും നേടിയ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനം മറികടന്നു. വനിതാ ക്ലബ്ബ് ത്രോ എഫ്51 മത്സരത്തിൽ ഏക്താ ഭ്യാൻ വെള്ളി മെഡൽ നേടി. ഷോട്ട്പുട്ട് എഫ്57 ല്‍ സോമൻ റാണയും ഹൈജമ്പ് ടി64 ല്‍ പ്രവീൺ കുമാറും വെങ്കലത്തിനര്‍ഹരായി. ഇ തോടെ ഇന്ത്യയുടെ ആകെ സമ്പാദ്യം 18 മെഡലുകളായി ഉയര്‍ന്നു. വനിതകളുടെ ലോങ് ജംമ്പ് ടി47 ഇനത്തിൽ നിമിഷ 5.74 മീറ്റർ ഉയരം കണ്ടെത്തി നാലാം സ്ഥാനത്തായെങ്കിലും പുതിയ ഏഷ്യൻ റെക്കോ‍ഡിന് ഉടമയായി. മെഡല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. 54 പുരുഷന്മാരും 19 സ്ത്രീകളും ഉൾപ്പെടെ 73 അംഗ സംഘമായിരുന്നു ഇന്ത്യയെ ചാമ്പ്യന്‍ഷിപ്പില്‍ പ്രതിനിധീകരിച്ചത്. 104 രാജ്യങ്ങളിൽ നിന്നുള്ള 2000‑ത്തിലധികം അത്‌ലറ്റുകൾ 186 മെഡൽ ഇനങ്ങളിലായി മത്സരത്തിനിറങ്ങി. സുമിത് ആന്റിൽ, സന്ദീപ് സിങ് സർഗർ, ശൈലേഷ് കുമാർ, റിങ്കു ഹൂഡ, നിഷാദ് കുമാർ, സിമ്രാൻ ശർമ്മ എന്നിവര്‍ ഇന്ത്യക്കായി സ്വര്‍ണം നേടി.
13 സ്വർണം, 19 വെള്ളി, ഏഴ് വെങ്കലം അടക്കം 39 മെഡലുകളുമായി ബ്രസീല്‍ ഒന്നാമതെത്തി. 10 സ്വർണം, 18 വെള്ളി, 14 വെങ്കലം അടക്കം 42 മെഡലുകളുമായി ചൈന രണ്ടാംസ്ഥാനത്തും എട്ട് സ്വർണം, രണ്ട് വെള്ളി, ആറ് വെങ്കലം അടക്കം പോളണ്ട് മൂന്നാം സ്ഥാനത്തുമെത്തി. 

Exit mobile version