Site icon Janayugom Online

ലോക കാഴ്ച ദിനം ഇന്ന്; നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള അവബോധം പൊതുജനങ്ങളില്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനത്തിന്റെ സന്ദേശം. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാഴ്ച പരിശോധന നടത്തി കാഴ്ച കുറവുള്ളവര്‍ക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിംഗ് നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. 40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രരോഗ വിദഗ്ധനെ കണ്ട് കാഴ്ച പരിശോധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. 

ആരംഭത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാനാകും. ഈ കോവിഡ് കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനിലാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. അല്ലാത്ത സമയങ്ങളില്‍ ടിവിയുടെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗം കുറയ്ക്കുന്നത് നന്നായിരിക്കും. കമ്പ്യൂട്ടറോ മൊബൈലോ കുടുതല്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്‍കണം. കൈകള്‍ കഴുകി ശുദ്ധമാക്കാതെ കണ്ണുകളില്‍ സ്പര്‍ശിക്കരുതെന്നും മന്ത്രി പറ‍ഞ്ഞു.

കുട്ടികളുടെ അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. ശരിയായ ചികിത്സ ലഭിച്ചിട്ടില്ലാത്ത അപഭംഗ പാളിച്ചകള്‍, കണ്ണിലെ അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകള്‍, ജന്മനാ ഉള്ള തിമിരം, ഗ്ലോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്വറിറ്റി തുടങ്ങിയവയാണ് അന്ധതയുടെ പ്രധാന കാരണങ്ങള്‍. കുട്ടികളുടെ കാഴ്ചത്തകരാറുകള്‍ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ബാധിക്കും.

ENGLISH SUMMARY:World Sight Day
You may also like this video

Exit mobile version