Site iconSite icon Janayugom Online

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് മുന്നേറ്റം, ഓസ്ട്രേലിയ ഒന്നാമത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 28 പോയിന്റും 46.67 പോയിന്റ് ശതമാനവുമാണ് ഇന്ത്യക്കുള്ളത്. 

26 പോയിന്റും 43.33 പോയിന്റ് ശതമാനവുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തായി. നേരത്തെ ഇന്ത്യക്കെതിരായ പരമ്പരയില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന് രണ്ട് പോയിന്റ് നഷ്ടമായതാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ തിരിച്ചടിയായത്. ഓസ്ട്രേലിയയാണ് ഒന്നാമത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ഓസീസ് വിജയം നേടിയിരുന്നു. 36 പോയിന്റും 100 പോയിന്റ് ശതമാനവുമാണ് ഓസീസിനുള്ളത്. ബംഗ്ലാദേശിനെതിരായ ഒരു ടെസ്റ്റില്‍ ജയിക്കുകയും ഒന്നില്‍ സമനിലയാകുകയും ചെയ്ത ശ്രീലങ്ക 16 പോയിന്റ് 66.57 പോയിന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. രണ്ട് ടെസ്റ്റില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ബംഗ്ലാദേശ് നാല് പോയിന്റും 16.67 പോയിന്റ് ശതമാനവുമായി അ‍ഞ്ചാമതും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റും തോറ്റ വെസ്റ്റിന്‍ഡീസ് ആറാം സ്ഥാനത്തുമാണ്. ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളിലെ മത്സരങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

Exit mobile version