ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് വിലക്ക് മണിപ്പൂരിലെന്ന് റിപ്പോര്‍ട്ട്. 2023ല്‍ 5,000 മണിക്കൂറാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് ടോപ്10വിപിഎൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ പ്രധാന ഇന്റര്‍നെറ്റ് വിലക്കുകളില്‍ 30 എണ്ണം ഇന്ത്യയിലാണ് സംഭവിച്ചിരിക്കുന്നത്. ഇതില്‍ 7,812 മണിക്കൂര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ കുക്കികളും മെയ്തികളും തമ്മിലുള്ള വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം തുടര്‍ച്ചയായി വിച്ഛേദിക്കപ്പെട്ടു.ഡിസംബര്‍ വരെ ഇന്റര്‍നെറ്റ് വിലക്ക് നീണ്ടുനിന്നു.
ചില പ്രത്യേക ജില്ലകള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളില്‍ കലാപങ്ങള്‍ തടയാനായിരുന്നു ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്നത് തുടരാനാകില്ലെന്നും അത് അനുച്ഛേദം 21 അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മണിപ്പൂര്‍ ഹൈക്കോടതി മണിപ്പൂര്‍ സര്‍ക്കാരിനോട് അറിയിച്ചു. തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗികമായി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കപ്പെട്ടത്. അതേസമയം ഇപ്പോഴും ജില്ലകള്‍ തിരിച്ച് ഇന്റര്‍നെറ്റ് വിലക്ക് നിലനില്‍ക്കുന്നുണ്ട്.
രാജ്യത്ത് 144 മണിക്കൂര്‍ സമൂഹമാധ്യമ വിലക്ക് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2023ല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛദിച്ചത് മൂലം രാജ്യത്ത് 4,858 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇന്റര്‍നെറ്റ് ബന്ധം തടസപ്പെടുത്തിയതിലൂടെ ഏറ്റവും കൂടുതല്‍ നഷ്‍ടം സംഭവിച്ചത് റഷ്യയിലാണ് — 33,376.41 കോടി. എത്യോപ്യയില്‍ 13,201.13 കോടിയും ഇറാനില്‍ 7,640.90 കോടിയും നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
English Summary; World’s Longest Internet Ban in Manipur
You may also like this video