Site icon Janayugom Online

കുത്തബ് മിനാറിൽ ആരാധന അനുവദിക്കാനാകില്ല; പുരാവസ്തു സംരക്ഷണ വകുപ്പ്

ചരിത്ര സ്മാരകമായ കുത്തബ് മിനാറിൽ ആരാധന നടത്താൻ അനുവാദം വേണമെന്ന ആവശ്യത്തെ എതിർത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). 1914 മുതൽ സംരക്ഷിത സ്മാരകമായി നിലനിൽക്കുന്ന കുത്തബ് മിനാറിൽ ആർക്കും ആരാധന അനുവദിക്കാനാകില്ലെന്ന് എഎസ്ഐ ഡല്‍ഹി കോടതിയെ അറിയിച്ചു.

കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും എഎസ്ഐ വ്യക്തമാക്കി. അതിനാൽ തന്നെ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. മൗലികവാശ സംരക്ഷണം എന്ന വാദം സംരക്ഷിത സ്മാരകങ്ങളിൽ അംഗീകരിക്കാനാകില്ല എന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് കോടതിയെ അറിയിച്ചു.

കുത്തബ് മിനാർ സമുച്ചയത്തിൽ ഹിന്ദു, ജൈനമത വിഗ്രഹങ്ങൾ പുനഃസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എഎസ്ഐ നിലപാട് അറിയിച്ചത്. 27 ക്ഷേത്രങ്ങൾ തകർത്താണ് കുത്തബ് മിനാർ സമുച്ചയത്തിലുള്ള ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹർജിക്കാരുടെ വാദം.

പുരാവസ്തുവകുപ്പ് മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമയാണ് കുത്തബ് മിനാറുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിവച്ചത്. കുത്തബ് മിനാർ നിർമ്മിച്ചത് മുഗൾ രാജാവായ ഖുത്ബ്‍ദിൻ ഐബക് അല്ലെന്നും വിക്രമാദിത്യ രാജാവാണെന്നുമായിരുന്നു ധരംവീർ ശർമയുടെ വാദം. വിഷ്ണുസ്തംഭം എന്നാണ് കുത്തബ് മിനാറിന്റെ യഥാർത്ഥ പേര് എന്ന് അവകാശപ്പെട്ട് വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു.

ഈ മാസം പത്തിന് കുത്തബ് മിനാറിന് പുറത്ത് ഹനുമാൻ ചാലിസ ആലപിച്ച ഹിന്ദു സംഘടനാ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാൽപ്പതോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്.

Eng­lish summary;Worship at Qutub Minar is not allowed;  Archae­o­log­i­cal sur­vey of india

You may also like this video;

Exit mobile version