Site iconSite icon Janayugom Online

സ്ത്രീമുന്നേറ്റം: ഭാവിയുടെ വിപ്ലവശക്തി

കായികചരിത്രത്തിൽ തന്നെ അപൂർവമായ ഒളിമ്പിക് മെഡലുകൾ സംഭാവന ചെയ്ത കായികതാരങ്ങൾ അവ പ്രതിഷേധത്തോടെയും ആത്മരോഷത്തോടെയും ഗംഗാനദിയിൽ നിമഞ്ജനം ചെയ്യാനൊരുങ്ങിയ സംഭവം ലോകത്തുതന്നെ അസാധാരണമാണ്. വിഭജന രാഷ്ട്രീയത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും ആണഹങ്കാരത്തിന്റെയും മർദകശക്തികൾക്കെതിരെ പെണ്ണഭിമാനത്തിൽ നിന്നും ഉയർന്നുവന്ന നൈസർഗികമായ ഒരു പോരാട്ടമായിരുന്നു ആരംഭത്തിൽ അത്. കർഷകരുൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെയും രാജ്യത്തെ ജനാധിപത്യ ശക്തികളുടെയും കലവറയില്ലാത്ത പിന്തുണ പിന്നീട് നേടിയതാണ്. തികച്ചും വ്യക്തിപരമായി നേരിട്ട അപമാനത്തിനെതിരെ ഏതാനുംപേർ തുടങ്ങിവച്ച ഒരു സമരം രാജ്യത്തെ പിടിച്ചുകുലുക്കിയ ഒരു രാഷ്ട്രീയമുന്നേറ്റമായി മാറിയിരിക്കുന്നു. സമീപകാലത്തെ സാർവദേശീയ സ്ഥിതി പരിശോധിച്ചാൽ ഇതുപോലുള്ള നൈസർഗികമായ സ്ത്രീമുന്നേറ്റങ്ങൾ പഴകിജീർണിച്ച സാമൂഹ്യവ്യവസ്ഥയെയും അതിന്റെ ഉല്പന്നമായ അടിമ ബോധത്തെയും പിഴുതെറിഞ്ഞു മുന്നോട്ടുപോവുന്നത് കാണാം. മതാധിഷ്ഠിതമായ വിവേചനത്തിനും മർദനത്തിനുമെതിരെ സൗദി അറേബ്യയിലെയും ഇറാനിലെയും വനിതകൾ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്പ്, ലിംഗനീതിയിൽ വിശ്വസിക്കുന്ന ഏതൊരു പുരോഗമനവിശ്വാസിയെയാണ് കോൾമയിര്‍ കൊള്ളിക്കാത്തത്? ഏതൊരു പിന്തിരിപ്പനെയാണ് ഭയപ്പെടുത്താത്തത്? വൈദേശിക സംഭവങ്ങളുമായി പ്രത്യക്ഷമായ സമാനതകൾ ഇല്ലെങ്കിലും ഗുസ്തിതാരങ്ങളുടെ സമരം നമ്മുടെ രാജ്യത്തെ ഔദ്യോഗികസംവിധാനങ്ങളിലടക്കം കട്ടപിടിച്ച ആൺകോയ്മക്കെതിരെയുള്ള ചെറുത്തുനില്പ് എന്ന നിലയിൽ സാർവദേശീയ സ്ത്രീമുന്നേറ്റത്തിന്റെ ഭാഗമാണ്.

ജനുവരി 18നാണ്, ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺസിങ് വർഷങ്ങളായി തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്നും അയാളെ ആ സ്ഥാനത്തുനിന്നും നീക്കണമെന്നും ഗുസ്തിതാരങ്ങൾ ആവശ്യപ്പെടുന്നത്. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ പേരിനൊരു ചർച്ച നടത്തിയെങ്കിലും കേസില്‍ കാര്യമായ നടപടിയൊന്നുമുണ്ടായില്ല. ബ്രിജ്ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറായില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അന്വേഷണസമിതിയുടെ കണ്ടെത്തലുകൾ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷിമാലിക് എന്നിവർ ജന്തർമന്ദറിൽ പ്രതിഷേധം ആരംഭിച്ചു. സുപ്രീം കോടതി വിഷയത്തിലിടപെടുകയും ഡൽഹി പൊലീസിന് നോട്ടീസയയ്ക്കുകയും ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പൊലീസിന് സുപ്രീം കോടതിയെ അറിയിക്കേണ്ടിവന്നു. താരങ്ങൾക്ക് സുരക്ഷ നല്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ ഇത്രയുമൊക്കെ ആയിട്ടും ഗുസ്തിഫെഡറേഷന്റെ തലപ്പത്ത് നിന്ന് ബ്രിജ്ഭൂഷണെ മാറ്റാൻ ബിജെപി തയ്യാറായില്ല. പ്രധാനമന്ത്രിയോ ഉന്നത ബിജെപി നേതൃത്വമോ വിഷയത്തിലിടപെടാനോ തെരുവിൽ പൊരുതുന്ന അഭിമാനതാരങ്ങളോട് ഒരു അനുനയവാക്ക് പറയാനോ തയ്യാറായില്ല. കാരണം, ബ്രിജ്ഭൂഷൺ വെറുമൊരു ഗുസ്തിക്കാരനല്ല. പണക്കൊഴുപ്പും ഗുണ്ടായിസവും വർഗീയരാഷ്ട്രീയവും വാഴുന്ന യോഗി ആദിത്യനാഥിന്റെ യുപിയാണ് അയാളുടെ യഥാർത്ഥഗോദ.


ഇതുകൂടി വായിക്കൂ:എന്നിട്ടുമവര്‍ ജനാധിപത്യത്തെയും സ്ത്രീസുരക്ഷയെയും കുറിച്ച് പറയുന്നു


മേയ് 28ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേദിക്കുപുറത്ത് ഖാപ് പഞ്ചായത്ത് നടത്തുവാനെത്തിയ സമരക്കാരെ ‍ഡൽഹി പൊലീസ് അതിക്രൂരമായി നേരിട്ടു. പീഡകനായ ബ്രിജ്ഭൂഷണടക്കമുള്ളവർ മന്ദിരത്തിനകത്തെ ശീതളിമയിലിരിക്കുമ്പോൾ രാജ്യാന്തരവേദികളിൽ ത്രിവർണ പതാക പാറിച്ച താരങ്ങളെ ബൂട്ടിട്ട് ചവിട്ടിയരച്ചു വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റി. ജന്തർമന്ദറിലെ സമരവേദി പൊളിച്ചു. ഒരിക്കൽകൂടി അന്താരാഷ്ട്രസമൂഹത്തിന് മുൻപിൽ ഇന്ത്യ നാണംകെട്ടു തലതാഴ്ത്തി. അങ്ങേയറ്റം ദുഃഖകരമായ ഈ സന്ദർഭത്തിലാണ് തങ്ങളുടെ മെഡലുകൾ ഗംഗയിൽ വലിച്ചെറിയാൻ അവർ തീരുമാനിച്ചത്. കർഷകസംഘടനാനേതാക്കൾ അനുനയിപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തു. കൂടുതൽ വിപുലമായ ബഹുജന പങ്കാളിത്തത്തോടുകൂടിയുള്ള സമരത്തിനാണ് വരുംദിവസങ്ങൾ സാക്ഷ്യം വഹിക്കുക എന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വിഷയം ലോകമനഃസാക്ഷിയെ പിടിച്ചുകുലുക്കുംവിധം കത്തിപ്പടരുകയും നിർണായകവിജയങ്ങൾ പലതും നേടുകയും ചെയ്ത വർഷമായിരുന്നു 2022. ശരിയാംവണ്ണമല്ലാതെ ഹിജാബ് ധരിച്ചെന്ന ആരോപണത്തിന്റെ പേരിൽ മതകാര്യപൊലീസ് അറസ്റ്റുചെയ്യുകയും കസ്റ്റഡിയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ചെയ്ത മഹ്സാ അമീനി എന്ന ഇറാനിയൻ വനിതയുടെ മരണത്തെത്തുടർന്ന് അവരുടെ ജന്മനഗരമായ സാക്വേസിൽ ആരംഭിച്ച പ്രതിഷേധം ഇറാനിലാകെ പടർന്നു. ഇറാനിയൻ മതഭരണകൂടം അടിച്ചമർത്തൽ ശക്തമാക്കി. യൂണിവേഴ്സിറ്റികളും വിദ്യാലയങ്ങളും തെരുവുകളും സമരവേദിയായി. 1979ലെ ഇസ്ലാമിക വിപ്ലവാനന്തരം ഇറാനിയൻ സർക്കാർ നേരിട്ട ഏറ്റവും വലിയ ഭീഷണിയായി മാറി ഈ പ്രക്ഷോഭം. 68 കുട്ടികൾ ഉൾപ്പെടെ 537 പേരുടെ മരണത്തിനും 19,262 പേരുടെ തടങ്കലിനുമുൾപ്പെടെ ഈ അടിച്ചമർത്തൽ കാരണമായി.

ഹിജാബ് നിർബന്ധമാക്കിയ നിയമവ്യവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിൽനിന്ന് കൂടുതൽ ജനാധിപത്യാവകാശങ്ങൾക്ക് വേണ്ടിയും ആത്യന്തികമായ ഇസ്ലാമിക മതഭരണകൂടത്തെ തൂത്തെറിയുന്നതിനും വേണ്ടിയുള്ള ആശയപദ്ധതിയിലേക്ക് സമരം വികസിച്ചു. പ്രക്ഷോഭപങ്കാളികളെ അതിക്രൂരമായാണ് ഭരണകൂടം നേരിട്ടത്. വധശിക്ഷകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. 2022 ഡിസംബർ 22ന് 23കാരനായ മോഹ്സേൻ ഷെകാരി ആദ്യമായി വധിക്കപ്പെട്ടു. “ദൈവത്തോടുള്ള ശത്രുത”, “ദുർനടപ്പ്” ഇതൊക്കെയായിരുന്നു കുറ്റാരോപണങ്ങൾ. ഒട്ടേറെപ്പേരെ ഇതുപോലെ വധശിക്ഷയ്ക്ക് വിധിച്ചു. യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും വ്യാപകമായി ഭക്ഷ്യവിഷബാധ ഉണ്ടായി. കുടുംബാംഗങ്ങൾക്കെതിരായ പീഡനം, ലൈംഗിക അതിക്രമങ്ങൾ, വൈദ്യുതാഘാതമേല്പിക്കൽ, വെള്ളത്തിൽമുക്കി ശ്വാസംമുട്ടിക്കൽ എന്നിങ്ങനെയുള്ള മനുഷ്യാവകാശലംഘനങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഒടുവില്‍ ഹിജാബ് നിയമം പുനഃപരിശോധനയിലാണെന്നും മതപ്പൊലീസിനെ പിരിച്ചുവിടാൻ പോകുകയാണെന്നും അധികാരികൾക്ക് പറയേണ്ടിവന്നു. ഏതാണ്ട് സമാനമായ കാലഘട്ടത്തിലാണ് സൗദിവനിതകൾ ഉജ്വലമായ ഒരു വിജയം നേടിയത്. 2018 ജൂൺ വരെ സൗദി അറേബ്യ സ്ത്രീകൾക്ക് വാഹനമോടിക്കാൻ നിയമപരമായി അവകാശം നിഷേധിച്ച ലോകത്തിലെ ഏകരാജ്യമായിരുന്നു. 2007 മുതൽ വജേഹ അൽ ഹുവൈദാറിന്റെ നേതൃത്വത്തിൽ ഇതിനായി നിയമവിധേയമായ നിരവധി പ്രവർത്തനങ്ങൾ നടന്നുവന്നു. അടിച്ചമർത്തലും കർക്കശമാക്കി. 1990ൽ നിരോധനം ലംഘിച്ച് വണ്ടിയോടിച്ച 47 സ്ത്രീകളെ ഒരു ദിവസത്തേക്ക് തടവിലിട്ടു. 2011 സെപ്റ്റംബറിൽ ഷൈമ ജസ്റ്റാനിയ എന്ന യുവതി വണ്ടിയോടിച്ചതിന് പത്ത് ചാട്ടവാറടിക്ക് ശിക്ഷിക്കപ്പെട്ടു. എങ്കിലും ഇറാനിൽകണ്ടതിന് വിരുദ്ധമായി രക്തച്ചൊരിച്ചിൽ കൂടാതെ സൗദി വനിതകൾ വിജയം നേടി. സാൽമാൻ രാജകുമാരൻ മുൻനിലപാട് തിരുത്തി. അങ്ങനെ സൗദിയിൽ സ്ത്രീകൾക്കും വണ്ടി ഓടിക്കാമെന്നായി.


ഇതുകൂടി വായിക്കൂ: ചെങ്കോല്‍ നാടകം അരങ്ങേറുമ്പോള്‍ ദില്ലി തെരുവുകളില്‍ സംഭവിച്ചത്


പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്തതെന്ന് തോന്നുന്ന ഈ സംഭവ വികാസങ്ങൾക്കിടയിൽ ചരിത്രപരമായ അന്തർധാര കാണാൻ സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന രാഷ്ട്രീയ വിദ്യാർത്ഥിക്ക് സാധ്യമാവും. വോട്ടവകാശം, തൊഴിലിടങ്ങളിലെ വിവേചനരാഹിത്യം, ഗാർഹികവും വൈവാഹികവുമായ അവകാശങ്ങൾ ഇവയെല്ലാം ശക്തമായ സാമൂഹ്യവിപ്ലവങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞുവന്നവയാണ്. പൊതുസമൂഹത്തിന്റെ ജനാധിപത്യാവകാശങ്ങൾ പരിഷ്കൃതരാജ്യങ്ങളിൽ നിയമപരമായി ശാശ്വതീകരിക്കപ്പെട്ടതിൽ പെൺപോരാട്ടങ്ങളുടെ ഊർജവും വിലയിച്ചു കിടക്കുന്നുണ്ട്. മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി കമ്മ്യൂണിസ്റ്റുകൾ ആചരിച്ചുവരികയും പിന്നീടത് ലോകം ഏറ്റെടുക്കുകയും ചെയ്തതിന്റെ നാൾവഴികൾ ഈ പരിവർത്തനങ്ങളുടെ മിഴിവാർന്ന ചിത്രം നമുക്ക് നല്കും. ഒക്ടോബർ വിപ്ലവമടക്കമുള്ള തൊഴിലാളി മുന്നേറ്റങ്ങളുടെ കൊടുങ്കാറ്റാണ് യൂറോപ്പിലാകെയും സ്ത്രീയവകാശങ്ങൾ നിയമപരമായി ശാശ്വതീകരിക്കപ്പെടുന്നതിനിടയാക്കിയത്. എന്നാൽ കൊളോണിയൽ അടിമത്തത്തിലും നാടുവാഴിത്തത്തിലും ആണ്ടുകിടന്ന സമൂഹങ്ങളിൽ സ്ത്രീകൾ ഗാർഹിക അടിമകളായിത്തന്നെ തുടർന്നു. ഔപചാരികമായ ഭരണഘടനയും നിയമവാഴ്ചയും ഉറപ്പുവരുത്തിയ അവകാശങ്ങൾ പോലും പ്രായോഗികാർത്ഥത്തിൽ അനുഭവവേദ്യമല്ലെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ എല്ലാക്കാലത്തും ഇത് ഇങ്ങനെ തുടരുക സാധ്യമല്ല എന്നതാണ് ചരിത്രാനുഭവം. മൂന്നാം ലോകരാജ്യങ്ങളിലെ സമീപകാല സ്ത്രീമുന്നേറ്റങ്ങൾ ആഗോളതലത്തിൽ തന്നെ ഒരു പുതിയ വിപ്ലവശക്തിയുടെ ഉദയംകുറിക്കുന്നു എന്ന് പ്രത്യാശിക്കാം.

Exit mobile version