Site iconSite icon Janayugom Online

ഗുസ്തിതാരങ്ങളുടെ സമരം; വനിതാ മഹാപഞ്ചായത്ത് തടഞ്ഞാല്‍ ഗുരുതര ഭവിഷ്യത്ത്: ഖാപ് നേതാക്കള്‍

31 ദിവസമായി നീതിക്കായി പോരാടുന്ന ഗുസ്തിതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖാപ് വനിതാ മഹാപഞ്ചായത്ത് അംഗങ്ങള്‍ പാര്‍ലമെന്റില്‍ മുന്നില്‍ നാളെ നടത്തുന്ന സമരം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും ശ്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് നേതാക്കളുടെ മുന്നറിയിപ്പ്.
ജന്തര്‍ മന്ദറില്‍ നടത്തി വന്ന സമരം പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഉദ്ഘാടന ദിവസം നടത്താനാണ് ഖാപ് നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. സമാധാനപരമായി നാളെ സമരം നടത്താനാണ് വനിതകള്‍ എത്തുന്നതെന്നും തടയാനോ തിരിച്ചയ്ക്കാനോ ശ്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഖാപ് നേതാവ് സുരേന്ദ്ര സിങ് സോളങ്കി പറഞ്ഞു. 

ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസ് അധികൃതര്‍ക്കും സംഘടന രേഖാമൂലം കത്ത് നല്കിയിട്ടുണ്ട്. സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം സര്‍വശക്തിയും എടുത്ത് തടയുമെന്നും നീക്കം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന ഖാപ് വനിതാ മഹാപഞ്ചായത്ത് സംഗമത്തിലേക്ക് രാഷ്ട്രപതി ദ്രപൗദി മുര്‍മുവിനെ ഗുസ്തിതാരങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഖാപ് ദേശീയ വനിതാ വിഭാഗം നേതാവ് ദേവിക സ്വിവച്ചും യോഗത്തില്‍ പങ്കെടുക്കും. വനിതാ സംഗമത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ അണിചേരുമെന്ന് കിസാന്‍ സര്‍ക്കാര്‍ ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര ഹൂഡ പറഞ്ഞു. 

വനിതകള്‍, യുവജനങ്ങള്‍ അടക്കമുള്ള വലിയൊരു വിഭാഗം ജനങ്ങളും സമരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. സമരക്കാര്‍ ഡല്‍ഹിയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറക്കുമെന്നും അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനായിരിക്കുമെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു.
ജന്തര്‍ മന്ദറില്‍ സമാധാനപരമായി നടത്തിവന്ന സമരത്തിന്റെ മാതൃകയിലായിരിക്കും പാര്‍ലമെന്റിനു പുറത്തും സമരം ചെയ്യുകയെന്ന് ഗുസ്തിതാരം ബജ്റംഗ് പൂനിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

Eng­lish Summary:Wrestlers’ Strike; Harsh con­se­quences if wom­en’s Maha­pan­chay­at is blocked: Khap leaders
You may also like this video

Exit mobile version