ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തത് ശരിവച്ചുള്ള റിവ്യു കമ്മിറ്റി ഉത്തരവുകള്‍ പരസ്യപ്പെടുത്താനാകില്ലെന്ന കേന്ദ്ര തീരുമാനത്തിനെതിരെ
കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് സമൂഹമാധ്യമമായ എക്സ്. 2021–22ല്‍ ചില ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചില്ലെന്ന് കാട്ടി 50 ലക്ഷം രൂപ പിഴ നല്‍കാൻ ആവശ്യപ്പെട്ട സിംഗിള്‍ ജഡ്ജ് ഉത്തരവ് ചോദ്യം ചെയ്ത് എക്സ് സമര്‍പ്പിച്ച അപ്പീലില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി എസ് ദിനേഷ് കുമാര്‍, ശിവശങ്കരെ ഗൗഡ എന്നിവര്‍ വാദം കേട്ടു.
ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്ത നടപടി റിവ്യു കമ്മിറ്റി ശരിവച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെന്ന് എക്സിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ സാജൻ പൂവയ്യ കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ റിവ്യു കമ്മിറ്റി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നില്ലെന്നും പൂവയ്യ അറിയിച്ചു. അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് കാണിച്ചാണ് പകര്‍പ്പ് കൈമാറാത്തതെന്നും എന്നാല്‍ റൂള്‍ 14 അനുസരിച്ച് കാരണം റെക്കോഡ് ചെയ്യാൻ ആവശ്യപ്പെടുമ്പോള്‍ എങ്ങനെയാണ് റിവ്യു ഉത്തരവ് അതീവ രഹസ്യമുള്ളതാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
റിവ്യു കമ്മിറ്റി ഉത്തരവുകളുടെ പകര്‍പ്പ് ലഭിക്കാതെ വന്നാല്‍ ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവിനെ ചോദ്യം ചെയ്യാൻ ആകില്ലെന്നും അദ്ദേഹം വാദിച്ചു. റിവ്യു കമ്മിറ്റി ഉത്തരവ് ഹാജരാക്കാൻ ആകുമോ എന്നതുള്‍പ്പെടെ വിഷയത്തില്‍ പ്രതികരിക്കാൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തുടര്‍വാദം അടുത്ത മാസം 12ന് നടക്കും.
English Summary: X in the High Court against the Centre
You may also like this video