സൈനിക പരിശീലനവും യുദ്ധ തയാറെടുപ്പും വര്‍ധിപ്പിക്കാന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്. സൈനിക സംയുക്ത ഓപ്പറേഷൻസ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിലാണ് ഷീയുടെ നിര്‍ദ്ദേശം. മുഴുവൻ സൈന്യവും തങ്ങളുടെ എല്ലാ ഊർജവും വിനിയോഗിക്കുകയും യുദ്ധ സന്നദ്ധതയ്‌ക്കായി അതിന്റെ എല്ലാ പ്രവർത്തനങ്ങളും നടത്തുകയും വേണം. പോരാടാനും വിജയിക്കാനുമുള്ള കഴിവ് വർധിപ്പിക്കുകയും പുതിയ യുഗത്തിൽ തങ്ങളുടെ ദൗത്യങ്ങളും ചുമതലകളും ഫലപ്രദമായി നിറവേറ്റുകയും വേണമെന്നും ഷീ സെെനികരോട് പറഞ്ഞു.
ലോകം കൂടുതൽ ആഴത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷ വർധിച്ച അസ്ഥിരതയും അനിശ്ചിതത്വവും അഭിമുഖീകരിക്കുകയാണെന്നും അതിന്റെ സൈനിക ചുമതലകൾ കഠിനമായി തുടരുകയാണെന്നും ഷീ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഷീയുടെ ആഹ്വാനമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ സെൻട്രൽ മിലിട്ടറി കമ്മിഷന്റെ (സിഎംസി) ചെയർമാനായും ഷീ നിയമിക്കപ്പെട്ടു. ഇന്ത്യൻ അതിർത്തിയായ വെസ്റ്റേൺ തിയറ്റർ കമാൻഡിൽ സൈന്യത്തെ നയിച്ച മൂന്ന് ജനറൽമാർക്ക് സിഎംസിയിലേക്കും പാർട്ടി സെൻട്രലിലേക്കും സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.
English Summary: Xi Jinping Tells Chinese Army To Prepare For War
You may also like this video