Site iconSite icon Janayugom Online

യാഗാശ്വം

ണ്ണിലെഴുതും അക്ഷരങ്ങൾ
മായ്ച്ചെഴുതുന്നതു പോലെ
തിരിച്ചു തരുമോ കഴിഞ്ഞ കാലം
ഒരിക്കൽക്കൂടി കണ്ടറിയാൻ;
മതിവരുവോളം സ്നേഹിക്കാൻ

പണ്ടു നടന്നൊരാ പാതകളിൽ
നടന്നു തീർത്തു കാതങ്ങൾ
അഴിക്കാനാവാത്ത ബന്ധനങ്ങൾ -
അളക്കാനിനിയും കഴിഞ്ഞില്ല
കൗമാരസുന്ദര സ്വപ്നങ്ങൾ
നീന്തിത്തുടിച്ചൊരാ പുഴക്കടവിൽ
ഇന്നില്ല മാന്ത്രിക മലർമിഴികൾ -
ഒഴുകുന്നു മറയുന്നു കൈതോലകൾ 

യാഗാശ്വമായങ്ങു് പായുന്ന നേരം
ഓർത്തില്ല പലതും മറന്നുപോയി
വന്നില്ല പിന്നെയാ പൗർണമികൾ -
കുളമ്പടി മാത്രം കേൾക്കുന്നു
തിരിച്ചെടുക്കൂ — കഴിഞ്ഞ കാലം
തിരിച്ചെടുക്കൂ, നിയതി!
കുളിർതൂകിയെന്നും നില്‍ക്കട്ടെയങ്ങനെ
ഓർമ്മയിൽ മാത്രമായ് കഴിഞ്ഞ കാലം 

Exit mobile version