Site iconSite icon Janayugom Online

‘റിവഞ്ച് വൈബി‘ൽ യക്ഷഗാനം; ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം ഓൺ സ്റ്റേജ്

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം യക്ഷഗാനത്തിന്റെ ചടുലതാളവുമായി തിരുവനന്തപുരം ജില്ല. 2019ന് ശേഷം തലസ്ഥാന ജില്ലയില്‍ നിന്ന് ഒരു ടീം പോലും ഈ ഇനത്തില്‍ മത്സരിക്കാനില്ലെന്ന അവസ്ഥയാണ് നന്ദിയോട് എസ്‌കെ വിഎച്ച്എസ്എസ് തിരുത്തിക്കുറിച്ചത്.
വലിയ സാമ്പത്തിക ബാധ്യതയും ഭാഷാപരമായ വെല്ലുവിളികളും കാരണമാണ് പലരും കലാരൂപത്തെ കയ്യൊഴിയുന്നത്. നന്ദിയോട് ഉള്‍പ്പെടെ പങ്കെടുത്ത 13 ടീമുകളും എ ഗ്രേഡ് നേടി. 

ലക്ഷ്മണനും തരണിസേനനും തമ്മിലുള്ള പോരാട്ടമാണ് നന്ദിയോട് സ്കൂളിലെ വിദ്യാർത്ഥികൾ പ്രമേയമാക്കിയത്. രാമായണത്തിലെ അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു ഭാഗം അവതരിപ്പിച്ചു എന്ന പ്രത്യേകതയുമുണ്ട്. കാസർകോട് ബദിയടുക്ക സ്വദേശി മാധവന്റെ ശിക്ഷണത്തിലാണ് കുട്ടികൾ വേദിയിലെത്തിയത്.
ഒരു ടീമിന് വേഷവിധാനങ്ങൾക്കും പരിശീലനത്തിനുമായി ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ ചെലവ് വരും. കന്നടയും തുളുവും ഇടകലർന്ന സംഭാഷണങ്ങൾ വഴങ്ങുക എന്നത് കുട്ടികൾക്ക് വലിയ വെല്ലുവിളിയാണ്. 

ഗുരുക്കന്മാരുടെ കുറവും ഈ കലാരൂപത്തെ സ്കൂളുകളിൽ നിന്ന് അകറ്റിനിർത്തി. ഒരുകാലത്ത് കഥകളിയും യക്ഷഗാനവും പൂരക്കളിയുമെല്ലാം കുത്തകയാക്കി വെച്ചിരുന്ന സെന്റ് ആൻഡ്രൂസ് ജ്യോതി നിലയം എച്ച്എസ്എസ് പിൻവാങ്ങിയതോടെയാണ് തിരുവനന്തപുരത്തിന് ഈ ഇനത്തിൽ പ്രാതിനിധ്യം നഷ്ടമായത്. ആ വിടവിലേക്കാണ് വെല്ലുവിളികൾ ഏറ്റെടുത്ത് നന്ദിയോട് സ്കൂൾ കടന്നുവന്നത്. 

Exit mobile version