Site iconSite icon Janayugom Online

നെടുമങ്ങാട് അര്‍ബന്‍ ബാങ്കിന്റെ ജപ്തി ആശങ്കയകലാതെ യശോദയും കുടുംബവും

വായ്പ തിരിച്ചടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നെടുമങ്ങാട് അര്‍ബൻ ബാങ്ക് ഭരണസമിതി വീട്ടില്‍ നിന്ന് ഇറക്കിവിട്ട കുടുംബത്തിന്റെ ആശങ്കയ്ക്ക് അന്ത്യമായില്ല. നാട്ടുകാര്‍ ഇടപെട്ട് കുടുംബത്തെ വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചെങ്കിലും ബാങ്കിന്റെ തുടര്‍നടപടികളെന്താവുമെന്നതിനെ കുറിച്ചുള്ള ആധി ഇവരെ അലട്ടുകയാണ്. എണ്‍പത്തഞ്ചുകാരിയായ നെടുമങ്ങാട് വെമ്പായം തേക്കട ഇടവിളാകം ലക്ഷ്മി വിലാസത്തിൽ യശോദ, മകൾ പ്രഭാകുമാരി, മരുമകൻ സജിമോൻ, ചെറുമകൻ സേതു എന്നിവരെയാണ് ജപ്തിയുടെ പേരില്‍ നാല് സെന്റിലുള്ള വീട്ടില്‍ നിന്ന് അധികൃതർ ഇറക്കിവിട്ടത്. ഒരു രാത്രി മുഴുവൻ കുടുംബത്തിന് വീടിന് പുറത്തുകഴിയേണ്ടി വന്നിരുന്നു. വിവരമറിഞ്ഞ് മന്ത്രി ജി ആര്‍ അനില്‍ വീട്ടിലെത്തി കുടുംബത്തിന് എല്ലാവിധ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. 

2016ൽ വീട് നവീകരിക്കുന്നതിനായാണ് അർബൻ ബാങ്കിൽ കുടുംബം ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. 2020ൽ വായ്പ പുതുക്കി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. കുടുംബത്തെ സഹായിച്ചതിന്റെ പേരില്‍ മന്ത്രി ജി ആര്‍ അനിലിനെതിരെ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ്. കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്ത വീട്, ഗുണ്ടകളുമായെത്തി ചവിട്ടിത്തുറക്കാൻ മന്ത്രി ആഹ്വാനം ചെയ്തെന്നാണ് ബാങ്ക് പ്രസ‍ി‍ഡന്റ് തേക്കട അനില്‍കുമാറിന്റെ ആരോപണം. ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരാണ് സീല്‍ ചെയ്ത വീട് തുറന്ന് കുടുംബത്തെ വീട്ടില്‍ പ്രവേശിപ്പിച്ചത്. ഇത് മറച്ചുവച്ചാണ് കോണ്‍ഗ്രസിന്റെ പ്രചരണം.

ബാങ്കിന്റെ നടപടിയെ മന്ത്രി ജി ആര്‍ അനില്‍ ശനിയാഴ്ച തന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരിഷ്കൃത സമൂഹത്തിന് ചേരാത്ത നടപടിയെന്നാണ് ബാങ്കിന്റെ നടപടിയെ മന്ത്രി വിശേഷിപ്പിച്ചത്. ഇന്ന് മന്ത്രി വീണ്ടും കുടുംബത്തെ സന്ദര്‍ശിക്കും. ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

Exit mobile version