കെജിഎഫ് താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ അപ്‌സ്’ റിലീസ് നീട്ടിവെച്ചു. മാർച്ച് 19ന് നിശ്ചയിച്ചിരുന്ന റിലീസ് ജൂൺ 4ലേക്കാണ് മാറ്റിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യവും സുരക്ഷാ പ്രശ്നങ്ങളുമാണ് 500–700 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം മാറ്റി വെക്കാൻ കെവിഎൻ പ്രൊഡക്ഷൻസിനെ പ്രേരിപ്പിച്ചത്.
യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ യഷിനുള്ള വമ്പൻ ആരാധകവൃന്ദത്തെയും വിപണിയെയും ലക്ഷ്യമിട്ടാണ് വിതരണക്കാരായ ഫാർസ് ഫിലിംസുമായി ചർച്ച ചെയ്ത് ഈ തീരുമാനമെടുത്തത്. കൂടാതെ, മാർച്ച് 19ന് ആദിത്യ ധറിന്റെ ‘ധുരന്ധർ 2’ റിലീസ് ചെയ്യുന്നതും ടോക്സിക്കിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കുമെന്ന് നിർമ്മാതാക്കൾ വിലയിരുത്തി. വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയതിന് പിന്നാലെ കെവിഎൻ പ്രൊഡക്ഷൻസിന് നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. എങ്കിലും, വേനലവധി ലക്ഷ്യമിട്ട് ജൂൺ മാസത്തിൽ ടോക്സിക്കും ജനനായകനും തിയേറ്ററുകളിലെത്തിച്ച് സിനിമാ വിപണി പിടിച്ചെടുക്കാനാണ് നിർമ്മാതാക്കളുടെ നീക്കം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിൽ യഷിന്റെ വേറിട്ട ആക്ഷൻ പ്രകടനത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.

