തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ ബേഗംപേട്ട് വിമാനത്താവളത്തില്‍ സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടയിലാണ് യശ്വന്ത് സിന്‍ഹയുടെ സന്ദര്‍ശനം. എന്നാല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കുപകരം ഒരു ടിആര്‍എസ് മന്ത്രി മാത്രമാണ് എത്തിയത്.
ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കെ ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള പ്രോട്ടോക്കോളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. നേരത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ 20-ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി സംസ്ഥാനത്തെത്തിയപ്പോഴും ഫെബ്രുവരിയില്‍ ‘സമത്വ പ്രതിമ’ ഉദ്ഘാടനം ചെയ്യാന്‍ മോഡി എത്തിയപ്പോഴും സ്വീകരിക്കുന്നതില്‍ നിന്നും കെസിആര്‍ വിട്ടുനിന്നിരുന്നു. യശ്വന്ത് സിന്‍ഹയെ പിന്തുണച്ചുകൊണ്ടുള്ള റാലിയും ടിആര്‍എസ് സംഘടിപ്പിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ജല്‍ വിഹാറിലേക്ക് ടിആര്‍എസ് പ്രവര്‍ത്തകര്‍ കൂറ്റന്‍ ബൈക്ക് റാലി നടത്തി. അവിടെ സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. ഹെെദരാബാദ് നഗരത്തിലുടനീളം ചന്ദ്രശേഖര്‍ റാവുവിന്റെയും യശ്വന്ത് സിന്‍ഹയുടെയും പോസ്റ്ററുകളും ടിആര്‍എസ് സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ രാഷ്ട്രപതിയായി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കണം എന്ന് കെസിആര്‍ പറഞ്ഞു. ഇന്ത്യയുടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യം വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിനൊപ്പം തമാശയായി മാറിയെന്ന് നരേന്ദ്ര മോഡിയെ അദ്ദേഹം പരിഹസിച്ചു.
ചൈനയില്‍, കുറച്ച് സംസാരവും കൂടുതല്‍ പ്രവര്‍ത്തനവുമുണ്ട്, അതിനാല്‍, അതിന്റെ ഫലം വേഗതയേറിയ സമ്പദ് വ്യവസ്ഥയാണ്. ഇവിടെ എല്ലാം സംസാരിക്കുന്നു, ജോലിയില്ല, അതിനാല്‍ ഫലമില്ല, മേക്ക് ഇന്‍ ഇന്ത്യ എന്നത് ഒരു വലിയ നുണയാണ്, ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുന്നു, തൊഴിലാളികള്‍ പെരുവഴിയിലാണെന്നും തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary:Yashwant Sinha gets warm welcome in Telangana; Road show
You may also like this video