യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രതിപക്ഷം യശ്വന്ത് സിന്‍ഹയുടെ പേര് പരിഗണിക്കുന്നസാഹചര്യത്തിലാണ് പാര്‍ട്ടി ഭാരവാഹിത്വം ഒഴിയുന്നത്. അടുത്തിടെയാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്.തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരിക്കുന്ന വേളയില്‍ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കില്ലെന്നും മല്‍സരിക്കണമെങ്കില്‍ അദ്ദേഹം രാജിവയ്ക്കട്ടെ എന്നും കോണ്‍ഗ്രസും ഇടതുപക്ഷവും നിലപാട് സ്വീകരിച്ചു.
വിശാലമായ ദൗത്യം നിര്‍വഹിക്കുന്നതിനും പ്രതിപക്ഷത്തിന്റെ ഐക്യം കണക്കിലെടുത്തും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയാണ് എന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
മമത ബാനര്‍ജി തന്റെ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണും. തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് രേഖപ്പെടുത്തുക.
നാമനിര്‍ദേശം ചെയ്ത എംപിമാര്‍ക്കും എംഎല്‍എമാരും വോട്ടുണ്ടാകില്ല.1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിൻഹ. 24 വർഷത്തെ സർവ്വീസിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 1984ൽ ജനതാപാർട്ടി അംഗത്വമെടുത്തു 1986ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി അതേ വർഷം രാജ്യസഭയിലുമെത്തി. 1989‑ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി.
പിന്നീട് 1990ല്‍ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരില്‍ ധനകാര്യമന്ത്രിയായി. 1996ലാണ് യശ്വന്ത് സിൻഹ ജനതാദള്‍ വിട്ട് ബിജെപിയിലെത്തിയത്.1998 മുതല്‍ 2002-വരെ വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും 2002 ജൂലൈ മുതല്‍ 2004 മേയ് വരെ അതേ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയുമായിരുന്നു സിൻഹ. 2014ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതു മുതലാണ് സിൻഹയും ബിജെപിയുമുള്ള തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. 2018ലാണ് സിൻഹ ബിജെപി വിട്ടത്. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യശ്വന്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
English Summary: Yashwant Sinha resigns from Trinamool Congress
You may also like this video: