ബിജെപി കര്‍ണ്ണാടക ഘടകത്തിലും ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് യോഗം മുന്‍മുഖ്യമന്ത്രി യെഡ്യൂരപ്പ ബഹിഷ്കരിച്ചിരിക്കുന്നു.വിദേശയാത്രക്ക് പുറപ്പെട്ടിരിക്കുകയാണ് അദ്ദേഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍,കേന്ദ്ര‑സംസ്ഥാന മന്ത്രിമാര്‍ എന്നിവരെല്ലാം രണ്ടു ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചൊവ്വാഴ്ച തുടങ്ങിയ യോഗം ഇന്ന് അവസാനിക്കും.യെഡ്യൂരപ്പ മാത്രമല്ല, മകനും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബിവൈ വിജയേന്ദ്ര, മുന്‍ ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണന്‍ എന്നിവരും ബിജെപി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. യെഡിയൂരപ്പ മുഖ്യമന്ത്രി പദം ഒഴിയുകയും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയാകുകയും ചെയ്ത ശേഷം കര്‍ണാടകയില്‍ നടക്കുന്ന ആദ്യ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണിത്.
സര്‍ക്കാര്‍ ഭരണം, അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം, പാര്‍ട്ടിയുടെ വ്യാപനം തുടങ്ങി പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. കര്‍ണാടകയിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ യോഗമാണിത്. മാസങ്ങള്‍ക്ക് മുമ്പ് വരെ മുഖ്യമന്ത്രിയായിരുന്ന വ്യക്തി ഈ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് സംസ്ഥാന ബിജെപിയില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ ഭാഗമാണ്.
ബിജെപിയിലെ ഗ്രൂപ്പാണ് യെഡിയൂരപ്പയുടെ വിട്ടുനില്‍ക്കലിന് കാരണമെന്ന് സൂചനയുണ്ട്. അദ്ദേഹം കുടുംബ സമേതമാണ് ദുബായിലേക്ക് പോയിട്ടുള്ളത്. നേരത്തെ മാലദ്വീപിലേക്കും യെഡിയൂരപ്പ പോയിരുന്നു. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം പാര്‍ട്ടി കാര്യങ്ങളില്‍ യെഡിയൂരപ്പയും അദ്ദേഹവുമായി അടുപ്പമുള്ളവരും കാര്യമായി ഇടപെടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാകട്ടെ ബിജെപിക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
കര്‍ണാടക ബിജെപിയില്‍ പ്രധാന ശക്തിയാണ് യെഡിയൂരപ്പ. ലിംഗായത്ത് സമുദായ നേതാവ് കൂടിയായ ഇദ്ദേഹത്തിന്റെ അകല്‍ച്ച തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യും. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഇതിന്റെ സൂചനകള്‍ ലഭിക്കുകയും ചെയ്തു.ബിജെപി എക്‌സിക്യൂട്ടീവ് യോഗം കര്‍ണാടകയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് ഉദ്ഘാടനം ചെയ്തത്.
ഈ ദിവസം യെഡിയൂരപ്പ ദുബായില്‍ എക്‌സ്‌പോ കാണുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മറ്റു ബിജെപി നേതാക്കളെല്ലാം പാര്‍ട്ടി യോഗത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. യെഡിയൂരപ്പ മാത്രമാണ് ദുബായില്‍ അവധി ആഘോഷിക്കുന്ന ചിത്രം ഷെയര്‍ ചെയ്തത്. യെഡിയൂരപ്പ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ യെഡിയൂരപ്പയ്ക്ക് സംഭാവന ചെയ്യാനൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ ഭിന്നതയില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. യെഡിയൂരപ്പയ്ക്ക് പകരം കര്‍ണാടക മുഖ്യമന്ത്രിയായി എത്താന്‍ സാധ്യതയുള്ള വ്യക്തിയായി പരിഗണിച്ച നേതാവണ് പ്രഹ്ലാദ് ജോഷി.കര്‍ണ്ണാടകയില്‍ ബി എസ് യെഡ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ന്ഷടപ്പെടാനുള്ള പ്രധാന കാരണം സംഘടനാ ജനറല്‍സെക്രട്ടറി ബി. എല്‍ സന്തോഷാണെന്നു സംസാരം ശക്തമാണ്. കേരളത്തില്‍ നിലവിലെ നേതൃത്വത്തിനെതിരെ വലിയ എതിര്‍പ്പുകളും വിവാദങ്ങളും ഉയര്‍ന്നിട്ടും, ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവര്‍ തുടരുന്നതിന് പിന്നില്‍ ബിഎല്‍ സന്തോഷിന്റെ പിന്തുണയാണ് എന്നാണ് പറയുന്നത്. കര്‍ണടാക ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എട്ട് വര്‍ഷത്തോളം ഇരുന്ന ആള്‍ കൂടിയാണ് ബിഎല്‍ സന്തോഷ്. കേരളത്തിലും കര്‍ണാടകത്തിലും ഇപ്പോള്‍ ബിജെപിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം എതിര്‍ പക്ഷത്തുള്ളവര്‍ കുറ്റം ചാരുന്നത് ബിഎല്‍ സന്തോഷിന്റെ പേര് പറഞ്ഞാണ്.
കര്‍ണാടക ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കാലം മുതലേ, ബിഎസ് യെഡിയൂരപ്പയുമായി തീരെ സുഖത്തിലായിരുന്നില്ല ബിഎല്‍ സന്തോഷ്. ഇപ്പോള്‍ യെഡ്യൂരപ്പയുടെ സ്ഥാന നഷ്ടത്തിലേക്ക് വഴിവെട്ടിയതും സന്തോഷ് തന്നെ ആണെന്നാണ് യെഡ്യൂരപ്പയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍ പറയുന്നത്. 2014 ല്‍ ദേശീയ സംഘടനാ ജോയിന്റെ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിക്കുന്നത് അമിത് ഷാ ആയിരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയായിരുന്നു സന്തോഷിന് നല്‍കപ്പെട്ടത്. 2019 ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ബിഎസ് യെഡിയൂരപ്പയും ബിഎല്‍ സന്തോഷും തമ്മില്‍ കൂടിക്കാഴ്ചകള്‍ നടത്തിയപ്പോഴെല്ലാം അത് കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ സംഭവങ്ങളുടെ നാന്ദിയെന്ന നിലയില്‍ വിലയിരുത്തിപ്പോന്നിട്ടുണ്ട്. 2021 മെയ് മാസത്തില്‍ രണ്ട് പേരും നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ആയിരുന്നു ജൂലായില്‍ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്.
കുറച്ച് കാലമായി കര്‍ണാടക ബിജെപിയില്‍ ബിഎല്‍ സന്തോഷ് ഒരു വന്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതാക്കളിലേക്കുള്ള പാലവും ബിഎല്‍ സന്തോഷ് തന്നെ. എപ്പോള്‍ മുതലാണ് ബിഎല്‍ സന്തോഷ് കര്‍ണാടക ബിജെപിയിലെ നിര്‍ണായക ശക്തിയായി മാറിയത് എന്നത് കൂടി പരിശോധിക്കാം. 2012 ല്‍ യെഡിയൂരപ്പ ബിജെപി വിട്ട സാഹചര്യം മുതലായിരുന്നു അത്.
അന്ന് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ സന്തോഷ് ആണ് ഉണ്ടായിരുന്നത്. യെഡിയൂരപ്പയുടെ പുറത്തുപോക്ക് 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയും ചെയ്തു. പിന്നീട് യെഡിയൂരപ്പ ബിജെപിയിലേക്ക് തിരിച്ചെത്തുമ്പോഴേക്കും രണ്ട് വിഭാഗങ്ങള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. 2017 ആയപ്പോള്‍ ഇരുവര്‍ക്കും ഇടയിലുള്ളശീതസമരം മറനീക്കി പുറത്ത് വരികയും ചെയ്തു.
കേരളത്തിലെ പോലെയല്ല കര്‍ണാടകത്തിലെ സ്ഥിതി എന്നൊരു പ്രത്യേകതയും ഉണ്ട്. ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലേറിയ സംസ്ഥാനമാണ് കര്‍ണാടകം. ഇപ്പോഴും ബിജെപി സര്‍ക്കാര്‍ ആണ് കര്‍ണാടകം ഭരിക്കുന്നത്. കേരളത്തില്‍ ബിഎല്‍ സന്തോഷിനുള്ള താത്പര്യങ്ങള്‍, കര്‍ണാടകവുമായി അത്തരത്തില്‍ താരതമ്യം ചെയ്യാന്‍ ആവില്ല. പക്ഷേ, പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്തിയ ഒരു വിഭാഗത്തെ തന്നെ അദ്ദേഹം ഇപ്പോഴും സംരക്ഷിച്ചുപോരുന്നു എന്നത് ചില വൈരുദ്ധ്യങ്ങള്‍ക്കുള്ള തെളിവായി പറയപ്പെടുന്നു.
കേരളത്തില്‍ വി മുരളീധരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ബിഎല്‍ സന്തോഷ്. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം, കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി വരുന്നതിന് വഴിയൊരുക്കിയത് ഈ ബന്ധം ആയിരുന്നു എന്നാണ് പറയുന്നത്. അതിന് പിറകെ, പികെ കൃഷ്ണദാസ് പക്ഷത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടായിരുന്നു നീക്കങ്ങള്‍. ഇതിലും പ്രവര്‍ത്തിച്ചത് ബിഎല്‍ സന്തോഷിന്റെ പിന്തുണയാണെന്നാണ് ആരോപണം.
English Summary: BJP Karnataka faction also divided; Yeddyurappa boycotts executive meeting
You may like this video also