Site icon Janayugom Online

യോഗ ആരോഗ്യ ജീവിതത്തിന് 
സഹായകം: മന്ത്രി പി പ്രസാദ്

ആലപ്പുഴ: ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിർത്തി ജീവിയ്ക്കുന്നതിന് യോഗ സഹായകമാണെന്ന് കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തിനു മുന്നോടിയായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സജ്ജമാക്കിയ പ്രചരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദിവസവും കൃത്യമായി യോഗ ചെയ്യുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. റീത്താ ലതാ ഡിക്കോത്ത അധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻസ് ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ സി പൊന്നുമോൻ ആമുഖ പ്രഭാഷണം നടത്തി. ഫസ്റ്റ് ഇന്റർനാഷണൽ യോഗാ ഡേ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. നിമ്മി അലക്സാണ്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിഷോർരാജ്, ശുചിത്വമിഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ആർ വേണുഗോപാൽ, സാമ്പത്തിക സാക്ഷരതാ കൗൺസിലർ എൻ കെ ശ്രീകുമാർ, എൻ എസ് എസ് കോ-ഓർഡിനേറ്റർമാരായ സിസ്റ്റർ ബിൻസി ജോൺ, ഫെബി പാദുവ വോളണ്ടിയർ സെക്രട്ടറി മർവ മുബാറക് തുടങ്ങിയവർ പങ്കെടുത്തു.

26 വരെ ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തുന്ന ഡിജിറ്റൽ പ്രചരണ വാഹനം കോളേജുകളിലും സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും അടിസ്ഥാന യോഗാമുറകളുടെ വീഡിയോ പ്രദർശിപ്പിക്കും.

Exit mobile version