മഹാ കുംഭമേളയെ ആദിത്യനാഥ് സര്‍ക്കാര്‍ നിരന്തരം തെറ്റായ അവകാശവാദമുന്നയിച്ചും പ്രചരണം നടത്തിയും വിപണന മാര്‍ഗമാക്കി മാറ്റിയെന്ന് ആക്ഷേപം. പ്രയാഗ‍്‍രാജില്‍ നടക്കുന്ന മഹാകുംഭമേള, 144 വര്‍ഷത്തിനുശേഷം ഒരിക്കല്‍ സംഭവിക്കുന്ന പുണ്യമാണെന്നാണ് ബിജെപി സര്‍ക്കാരും ഒരുവിഭാഗം ഹിന്ദു സന്യാസി നേതാക്കളും വിശേഷിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതിനാല്‍ കുംഭമേളയുടെ ദിവ്യത്വത്തെ അംഗീകരിക്കാനോ, നിരാകരിക്കാനോ കഴിയാത്ത സന്യാസിമാര്‍ മൗനത്തിലുമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ‘144 വര്‍ഷത്തിലൊരിക്കല്‍’ എന്ന അവകാശവാദം യുപി സര്‍ക്കാര്‍ പലതവണ ഉന്നയിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ല്‍ ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ പ്രസിദ്ധീകരിച്ച പരസ്യവും കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (സിഎജി) റിപ്പോര്‍ട്ടും 2013ല്‍ അലഹബാദില്‍ നടന്ന മേളയെ മഹാകുംഭമേളയായി കണക്കാക്കുകയും 144 വര്‍ഷത്തിന് ശേഷമാണ് നടക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രയാഗ്‍രാജിലെ കുംഭമേള നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഏറ്റവും വലിയ ഹിന്ദു ആഘോഷങ്ങളിലൊന്നാണ്. കോടിക്കണക്കിന് രൂപ മുടക്കിയാണ് ഇത് നടത്തിവരുന്നത്. ശൈത്യകാലത്ത് ഏതാണ്ട് രണ്ട് മാസത്തോളമാണ് ചടങ്ങുകള്‍. 2013ലെ കുംഭമേള സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടില്‍, ആ വര്‍ഷം ജനുവരി 14 മുതല്‍ മാര്‍ച്ച് 10 വരെ 55 ദിവസങ്ങളിലായി നടന്നത് മഹാ കുംഭമേളയാണെന്ന് പറയുന്നു. മഹാകുംഭമേള 144 വര്‍ഷത്തിലും പൂര്‍ണ കുംഭമേള 12 വര്‍ഷത്തിലും അര്‍ധ കുംഭമേള ആറ് കൊല്ലത്തിലും നടത്തുന്നു. 2018ലെ മേള ബിജെപി സര്‍ക്കാര്‍ പൂര്‍ണ കുംഭം എന്നാക്കി. പിന്നീടിങ്ങോട്ട് മേള നടക്കുന്നിടത്ത് മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിസഭാ യോഗവും നടത്തിവരുന്നു. മാഘമേള എല്ലാ വര്‍ഷവും ഗംഗ നദിയുടെയും പോഷക നദിയായ യമുനയുടെയും തീരത്ത് നടക്കുന്നു എന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.
2001ല്‍ അലഹബാദില്‍ നടന്നത് 144 വര്‍ഷത്തിന് ശേഷമുള്ള മഹാകുംഭമേളയായിരുന്നെന്ന് 2013ല്‍ ഹാര്‍ഡ്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ പ്രസിദ്ധീകരിച്ച ‘കുംഭമേള‑മാപിങ് ദ എഫെമറല്‍ മെഗാസിറ്റി’ എന്ന പുസ്തകത്തില്‍ പറയുന്നു. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിയുടെ ശുഭകരമായ സ്ഥാനം കാരണം 1989ലെ മേള 144 വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് പണ്ഡിതരും സന്യാസിമാരും പറഞ്ഞതായി ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ മാര്‍ക്ക് ടുള്ളി എഴുതിയ ദി കുംഭമേള എന്ന പുസ്തകത്തിലും പറയുന്നു. അന്നത്തെ മേളയെക്കുറിച്ച് യുപി സര്‍ക്കാര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി ഓണ്‍ലൈനില്‍ ലഭ്യമാണ്. അതിലും 1989ലേത് പൂര്‍ണകുംഭമായി പരാമര്‍ശിക്കുന്നു. അതേസമയം പ്രയാഗ്‍രാജ് ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഇത്തവണത്തെ മേള 144 കൊല്ലത്തിന് ശേഷം നടക്കുന്നതാണെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ സര്‍ക്കാരും 13 ഹിന്ദു വിഭാഗങ്ങളുടെ സംഘടനയായ അഖാര പരിഷത് അംഗങ്ങളും പൂര്‍ണകുംഭമാണെന്ന് ആവര്‍ത്തിക്കുന്നു.

