ചിറയിന്‍കീഴ് : സര്‍ക്കാര്‍ ജോലി കിട്ടുന്നില്ല എന്ന പരാതി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വരാം. ഇതിന് ഇവിടെ പരിഹാരമുണ്ട്. കടയ്ക്കാവൂര്‍ ജനമൈത്രി പൊലീസാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി പരിശീലനത്തിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പ്രദേശത്തെ 18 വയസ് തികഞ്ഞവരും പിഎസ്‌സി പരീക്ഷ എഴുതാന്‍ യോഗ്യത ഉള്ളതുമായ യുവതി യുവാക്കള്‍ക്ക് പിഎസ്‌സി പരിശീലനം ആരംഭിക്കാം. യുവാക്കളില്‍ ദിശാബോധവും ലക്ഷ്യവും നടപ്പിലാക്കുക എന്ന ദൗത്യമാണ് ജനമൈത്രി പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. കടയ്ക്കാവൂര്‍ പൊലീസ് ആരംഭിച്ച പിഎസ്‌സി കോച്ചിങ് സെന്റര്‍ ഉദ്ഘാടനം വി ശശി എംഎല്‍എ നിര്‍വഹിച്ചു. കടയ്ക്കാവൂര്‍ എസ്എച്ച്ഒ അജീഷ് വി അധ്യക്ഷത വഹിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പഠനോപകരണങ്ങള്‍ വര്‍ക്കല ഡിവൈഎസ്‌പി നിയാസ് പി നിര്‍വഹിച്ചു. എസ്ഐമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പിഎസ്‌സി പരീക്ഷ എഴുതുവാന്‍ ആഗ്രഹമുള്ള യുവതി യുവാക്കള്‍ക്ക് കടയ്ക്കാവൂര്‍ പൊലീസ് നടത്തുന്ന പിഎസ്‌സി കോച്ചിങ് ക്ലാസിലേക്ക് സൗജന്യമായി ചേരാം. നിരവധി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പിഎസ്‌സി പരീക്ഷയ്ക്ക് തയാറാക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പഠനരീതി, വിജയത്തിലേക്കുള്ള കുറുക്കുവഴികള്‍, മനോധൈര്യം എന്നിവയ്ക്കുള്ള പരിശീലനങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. കടയ്ക്കാവൂര്‍ ഡോണ പാലസിലാണ് ക്ലാസ്റൂം തയാറാക്കിയിട്ടുള്ളത്. ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഇതിനോടകം നൂറിലധികം ഉദ്യോഗാര്‍ത്ഥികളാണ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പിഎസ്‌സി പഠനത്തിനായി സ്വകാര്യസ്ഥാപനങ്ങളിലേക്ക് പോകാന്‍ സാധിക്കാത്തവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈയൊരു സംരംഭം ഏറെ അനുഗ്രഹമാണ്.
ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്യോഗം നേടിക്കൊടുക്കുന്നതിന് എല്ലാ സഹായവും നല്‍കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയാറാണെന്ന് അതിനുള്ള അവസരം നല്‍കുന്നതിന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സന്നദ്ധമാണെന്നും വര്‍ക്കല ഡിവൈഎസ്‌പി നിയാസ് അറിയിച്ചു.
English Summary: You can also get government jobs from police station
You may like this video also