Site iconSite icon Janayugom Online

വാട്ട്‌സ്ആപ്പിലും ഇനി അവതാര്‍ നിര്‍മിക്കാം

വാട്ട്‌സ്ആപ്പിലും ഇനി അവതാര്‍ നിര്‍മിക്കാം. ഫേസ്ബുക്കിലേതിനു സമാനമായി അവതാറുകള്‍ എത്തുന്നതോടെ ചാറ്റുകളിലൂടെ ഇനി സ്റ്റിക്കറുകളായും ഷെയര്‍ ചെയ്യാം. വാട്ട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അവതാറിന്റെ സെറ്റിങ്‌സ് കിട്ടുമെന്നാണ് ഫീച്ചര്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കോളുകളുടെ സമയത്ത് അവതാര്‍ ഉപയോഗിച്ച് മുഖം മറയ്ക്കാനുമാകും. ഭാവിയിലെ അപ്‌ഡേറ്റുകളില്‍ ഒന്നില്‍ ഇത് ഉള്‍പ്പെടുമെന്നാണ് വിലയിരുത്തല്‍. അവതാര്‍ സെക്ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് മെറ്റ പുറത്തുവിട്ടിരിക്കുന്ന വിവരം. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അവതാറിന്റെ വിശദാംശങ്ങളൊന്നും മെറ്റ പുറത്തുവിട്ടിട്ടില്ല. ആന്‍ഡ്രോയിഡിലെ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 2.22.15.5 — ലാണ് അവതാറുകള്‍ ആദ്യം കണ്ടെത്തിയത്. വാട്ട്സ്ആപ്പിലെ അവതാര്‍ വിഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചാണ് വിവരങ്ങള്‍ ഫീച്ചര്‍ ട്രാക്കര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു കൂട്ടം അവതാറുകളെയും ഇതില്‍ കാണിക്കുന്നുണ്ട്. ലിംഗ ‑വര്‍ണ ഭേദമന്യേ ആകര്‍ഷകമായ അവതാറുകളാണ് വാട്ട്‌സ്ആപ്പ് ഉള്‍പ്പെടുത്തുന്നതെന്ന് സ്‌ക്രീന്‍ഷോട്ട് സൂചിപ്പിക്കുന്നു. കൂടാതെ സ്‌ക്രീന്‍ഷോട്ടിലെ ചിത്രത്തിന് താഴെ, ‘നിങ്ങളുടെ അവതാര്‍ സൃഷ്ടിക്കുക’ എന്ന ഓപ്ഷനും ഉണ്ട്. സ്‌ക്രീന്‍ഷോട്ടില്‍, ”വാട്ട്സ്ആപ്പില്‍ നിങ്ങളാകാനുള്ള ഒരു പുതിയ മാര്‍ഗം” എന്നൊരു ഓപ്ഷനും ചേര്‍ത്തിട്ടുണ്ട്. പ്ലാറ്റ്ഫോമിലെ അവതാറുകള്‍ മെറ്റയുടെ തന്നെ സ്ഥാപനമായ ഫേസ്ബുക്കില്‍ നിന്ന് എടുത്തതാണെന്ന് പറയപ്പെടുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രോയിഡ് ആപ്പിലെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് പെട്ടെന്ന് റിപ്ലേ നല്‍കുന്നതിനായി ഇമോജികളും വാട്ടസ്ആപ്പ് ഉടനെ അവതരിപ്പിക്കും. കൂടാതെ സ്റ്റാറ്റസില്‍ വോയിഡ് ഉള്‍പ്പെടുത്താനും നീക്കമുണ്ട്. ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 2.22.16.10 — ലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന് ഇനി ഇമോജി റിയാക്ഷന്‍ നല്‍കാനുമാകും. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഈ സേവനം ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. മെസെജിന് ആറ് വ്യത്യസ്ത ഇമോജികളുള്ള റിയാക്ഷന്‍ നല്‍കാനാകുന്ന സെറ്റിങ്‌സ് നേരത്തെ തന്നെ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. മെറ്റായുടെ ഉടമസ്ഥതയിലുള്ള തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ ആപ്പ് അതിന്റെ വിന്‍ഡോസ് ഡെസ്‌ക്ടോപ്പ് ആപ്പ് ബീറ്റയ്ക്കായി അപ്ഡേറ്റ് ചെയ്ത ഗാലറി കാഴ്ചയും പുറത്തിറക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാമിലും ഈയിടയ്ക്കാണ് അവതാര്‍ അവതരിപ്പിച്ചത്.

Eng­lish sum­ma­ry; You can now cre­ate an avatar on What­sapp as well

You may also like this video;

Exit mobile version